ഇന്ത്യ-ബംഗ്ലാദേശ് ആവേശകരമായ പരമ്പര ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20കളുമാണ് പരമ്പരയില്‍ ഉള്ളത്. പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ ആത്മവിശ്വാസവുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്.
എന്നാല്‍ അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ലങ്കന്‍ മണ്ണിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ഇന്ത്യ സ്വന്തം മണ്ണില്‍ ലക്ഷ്യം വെക്കുക.
ഇപ്പോള്‍ ഈ പരമ്പരയില്‍ താന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുന്ന താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ പേരാണ് റെയ്‌ന പറഞ്ഞത്. ഐ.എ.എന്‍.എസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘രോഹിത് മികച്ച ക്യാപ്റ്റനാണ്. ഇന്ത്യക്ക് വേണ്ടി ടി-20 ലോകകപ്പ് നേടിതന്ന് അദ്ദേഹം അത് തെളിയിച്ചു. എന്നാല്‍ ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അദ്ദേഹം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം ഏകദേശം പത്ത് മത്സരങ്ങള്‍ കളിക്കും.
ഈ മത്സരങ്ങളില്‍ വിരാട് ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നത് കാണാന്‍ സാധിക്കും. ബംഗ്ലാദേശിന് മികച്ച പേസര്‍മാരുണ്ടെങ്കിലും ഹാരിഫ് റൗഫിനെ പോലുള്ള ബൗളര്‍മാര്‍ക്കെതിരെ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ നേരിടാന്‍ അദ്ദേഹത്തിന് കഴിയും. കോഹ്ലിക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു,’ സുരേഷ് റെയ്‌ന പറഞ്ഞു.
ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സാണ് നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. താരത്തിന്റെ ഈ മിന്നും പ്രകടനം ബംഗ്ലാദേശിനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.