| Wednesday, 18th September 2024, 7:23 pm

അവനാണ് ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍, അവനായിരിക്കും അടുത്ത സൂപ്പര്‍ സ്റ്റാര്‍: സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തുകൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശേഷം സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുകയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്താല്‍ ഭാവിയിലെ ടി-20 ഐ ക്യാപ്റ്റനാകാന്‍ ശുഭ്മന്‍ ഗില്ലിന് സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന പറയുന്നത്. താരം മിന്നും പ്രകടനം കാഴ്ചവെച്ചാല്‍ ബി.സി.സി.ഐ പിന്തുണയ്ക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന പറഞ്ഞു.

‘ഗില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആണ്. അവനെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇത് കാണാന്‍ സാധിക്കുന്നത്. 2025 ഐ.പി.എല്ലില്‍ അവന്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്താല്‍, അവനാണ് ഭാവി ക്യാപ്റ്റന്‍, അവനായിരിക്കും അടുത്ത സൂപ്പര്‍ സ്റ്റാര്‍,’റെയ്‌ന പറഞ്ഞു.

ഇന്ത്യക്കുവേണ്ടി 25 ടെസ്റ്റ് മത്സരത്തിലെ 46 ഇന്നിങ്‌സില്‍ നിന്ന് ഗില്‍ 1492 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 128 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടാനും സാധിച്ചിരുന്നു. ഏകദിന ക്രിക്കറ്റിലെ 47 മത്സരങ്ങളില്‍ നിന്ന് 2328 റണ്‍സും 208 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഗില്ലിനുണ്ട്. ടി-20യിലെ 21 മത്സരങ്ങളില്‍ നിന്ന് 578 റണ്‍സും 126 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും തന്റെ പേരില്‍ കുറിക്കാന്‍ ഗില്ലിന് സാധിച്ചു.

ലോകകപ്പിന് ശേഷം സിംബാബ്വേയ്ക്കെതിരായ അഞ്ച് ടി–20ഐ പരമ്പരയില്‍ ഗില്ലായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. പരമ്പരയില്‍ ഇന്ത്യ 4-1ന് വിജയിച്ചു. മാത്രമല്ല 2024 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാനും ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ചാനും ഗില്ലിന് സാധിച്ചു.

Content Highlight: Suresh Raina Talking about Shubhman Gill

Latest Stories

We use cookies to give you the best possible experience. Learn more