ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025 ഐ.പി.എല്ലിന്റെ മെഗാ താരലേലത്തിനാണ്. നവംബര്‍ 24- 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുക. 18ാം സീസണിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു.
ഇതോടെ ദല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും മെഗാ ലേലത്തിലെത്തിയ ഋഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സുരേഷ് റെയ്‌ന. മെഗലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന താരമാകാന്‍ പന്തിന് സാധിക്കുെമന്നും ഏത് ഫ്രാഞ്ചൈസിക്ക് വേണ്ടിയും കിരീടം സ്വന്തമാക്കാനുള്ള മനോഭാവമാണ് താരത്തിനുള്ളതെന്നും റെയ്‌ന പറഞ്ഞു.
‘ഋഷബ് ഒരു ക്യാപ്റ്റനും സ്റ്റാര്‍ കളിക്കാരനുമാണ്. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് കഴിവുകള്‍ ഗംഭീരമാണ്. ഉയര്‍ന്ന ബ്രാന്‍ഡ് വാല്യു ഉള്ള മികച്ച താരമാണ് പന്ത്. ലേലത്തില്‍ ഉറപ്പായും അവന് ഏകദേശം 25-30 കോടി ലഭിക്കും. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഉയര്‍ന്ന പണം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് ലഭിച്ചുകൂടാ.
ഏത് ഫ്രാഞ്ചൈസിക്ക് വേണ്ടിയാണെങ്കിലും ഐ.പി.എല്‍ ട്രോഫി നേടാനുള്ള മനോഭാവമാണ് പന്തിനുള്ളത്. ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അദ്ദേഹം കഠിനമായി ശ്രമിച്ചു. ശ്രേയസ് അയ്യരെ കെ.കെ.ആര്‍ നിലനിര്‍ത്തിയില്ല, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിടാന്‍ അനുവദിച്ച കെ.എല്‍. രാഹുലിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, ദല്‍ഹി, ലഖ്‌നൗ എന്നീ ടീമുകളാണ് ഒരു ക്യാപ്റ്റനെ തേടുന്നത്,’ റെയ്‌ന പറഞ്ഞു.
ഐ.പി.എല്ലില്‍ 111 മത്സരത്തിലെ 110 ഇന്നിങ്‌സില്‍ നിന്ന് 3284 റണ്‍സാണ് പന്ത് നേടിയത്. 35.3 ശരാശരിയില്‍ 128 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 148.9 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും 18 സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
Content Highlight: Suresh Raina Talking About Rishabh Pant Ahead Of 2025 IPL