|

ബുംറയല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍ക്കാന്‍ പോകുന്നത് ആ മൂന്ന് ബൗളര്‍മാര്‍; തുറന്ന് പറഞ്ഞ് സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ നിന്ന് പുറം വേദന കാരണം ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പുറത്തായിരുന്നു. ശേഷം ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ കളിക്കാന്‍ സാധിക്കാതെ ബുംറ മാറി നില്‍ക്കുകയാണ്. ഇതോടെ 2025ല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ ഉണ്ടാകുമോ എന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നതാണ്.

ബുംറയുടെ അഭാവം സ്ഥിരീകരിച്ചാല്‍ ഇന്ത്യയ്ക്ക് മറ്റ് ബൗളര്‍മാരെ തേടേണ്ടി വരും. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന ബൗളര്‍മാരെ തെരെഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരുടെ കൂട്ടുകെട്ടിനെക്കുറിച്ചാണ് റെയ്ന സംസാരിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിദ് റാണ ഒരു മെയ്ഡന്‍ അടക്കം ഏഴ് ഓവര്‍ എറിഞ്ഞ് 53 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.

2023ലെ ഏകദിന ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമി ഒരു മെയ്ഡന്‍ അടക്കം 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. ഇരുവരുടെ മികച്ച കൂട്ടുകെട്ടിനൊപ്പം യുവ പേസര്‍ അര്‍ഷ്ദിപ് സിങ്ങും എത്തിയാല്‍ ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ മികച്ച കരുത്ത് ലഭിക്കുമെന്നാണ് റെയ്‌ന പറഞ്ഞത്.

‘ഹര്‍ഷിത് റാണ മികച്ച രീതിയില്‍ പന്തെറിഞ്ഞു, മുഹമ്മദ് ഷമിയുമായുള്ള അവന്റെ കൂട്ടുകെട്ട് നിര്‍ണായകമാകും. മറക്കരുത്, അര്‍ഷ്ദീപ് സിങ് ഇപ്പോഴും ടീമിലുണ്ട്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഈ മൂവരും മികച്ച പ്രകടനം പുറത്തെടുക്കും. ഷമിയെപ്പോലെ ബാറ്റര്‍മാരെ കബിളിപ്പിക്കുന്ന മികച്ച ബൗണ്‍സര്‍ റാണയുടെ പക്കലുമുണ്ട്,’ സ്‌പോര്‍ട്‌സ് 18ല്‍ സുരേഷ് റെയ്ന പറഞ്ഞു.

Content highlight: Suresh Raina Talking About Indian Pace Bowlers

Latest Stories