| Wednesday, 29th December 2021, 5:41 pm

നാരദന്‍ ട്രെയ്‌ലര്‍ പങ്കുവെച്ച് സുരേഷ് റെയ്‌ന; ടൊവിനോയ്ക്ക് ആശംസകള്‍ അറിയിച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്, അന്നാ ബെന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമാണ് നാരദന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ക്രിസ്മസ് ദിനത്തില്‍ പുറത്ത് വന്നിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സാമൂഹിക മധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് ടൊവിനോയ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റെയ്‌ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. ‘ഗംഭീരമായിരിക്കുന്നു വരാന്‍ ഇരിക്കുന്ന ചിത്രത്തിന് ആശംസകള്‍’ എന്നും റെയ്‌ന കുറിച്ചിട്ടുണ്ട്.

ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്ന് ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്.

ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നുമായിരുന്നു ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്.

മായാനദിക്ക് ശേഷം ടൊവിനോ തോമസ്-ആഷിഖ് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നാരദന്‍. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suresh Raina Shared Naradan Trailer

We use cookies to give you the best possible experience. Learn more