വിരാടിന് ഐ.പി.എല്‍ കിരീടം നേടാന്‍ അര്‍ഹതയുണ്ടോ? മിസ്റ്റര്‍ ഐ.പി.എല്‍ പറയുന്നു
IPL
വിരാടിന് ഐ.പി.എല്‍ കിരീടം നേടാന്‍ അര്‍ഹതയുണ്ടോ? മിസ്റ്റര്‍ ഐ.പി.എല്‍ പറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2024, 8:58 am

 

ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ഇന്നുവരെ ടൂര്‍ണമെന്റിന്റെ ഭാഗമായി തുടരുന്ന അപൂര്‍വം താരങ്ങള്‍ മാത്രമാണുള്ളത്. അവരില്‍ പ്രധാനിയാണ് വിരാട് കോഹ്‌ലി. ഐ.പരി.എല്‍ ആരംഭിച്ചത് മുതല്‍ ഇന്നുവരെ ഒരു ടീമിനെ തന്നെ പ്രതിനിധീകരിച്ച ഏക താരവും വിരാട് തന്നെ.

എന്നാല്‍ 16 സീസണുകളില്‍ കളത്തിലിറങ്ങിയിട്ടും ഐ.പി.എല്ലിലെ എണ്ണിയാലൊടുങ്ങാത്ത നിരവധി റെക്കോഡുകള്‍ സ്വന്തമായി ഉണ്ടായിട്ടും ഒരു തവണ പോലും കിരീടം നേടാന്‍ വിരാടിന് സാധിച്ചിട്ടില്ല. രണ്ട് തവണ കിരീടത്തിന് തൊട്ടടുത്തെത്തി വീഴാനാണ് ബെംഗളൂരുവിന് വിധിയുണ്ടായിരുന്നത്.

 

വിരാട് കോഹ്‌ലി ഐ.പി.എല്‍ കിരീടം നേടാന്‍ അര്‍ഹനാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഐ.പി.എല്‍ ലെജന്‍ഡുമായ സുരേഷ് റെയ്‌ന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്.

‘വിരാട് ഒരു ഐ.പി.എല്‍ ട്രോഫി അര്‍ഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അവന്‍ ഇന്ത്യന്‍ ടീമിനും റോയല്‍ ചലഞ്ചേഴ്‌സിനും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. ആര്‍.സി.ബിയില്‍ അവന്‍ ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിരാടിനൊപ്പം കിരീടം നേടാന്‍ ആരാധകരും അര്‍ഹരാണ്,’ റെയ്‌ന പറഞ്ഞു.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരത്തോടെയാണ് ഐ.പി.എല്‍ 2024ന് തുടക്കമാകുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് എതിരാളികള്‍. എതിരാളികളുടെ ഹോം സ്‌റ്റേഡിയയമായ ചെപ്പോക്കിലാണ് ആദ്യ മത്സരത്തിന് ആര്‍.സി.ബി ഇറങ്ങുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ച് ഷെഡ്യൂള്‍ അനുസരിച്ച് ഏപ്രില്‍ 6 വരെ അഞ്ച് മത്സരങ്ങളാണ് ആര്‍.സി.ബി കളിക്കുക.

vs ചെന്നൈ സൂപ്പര്‍ കിങ്സ് – മാര്‍ച്ച് 22 – എം.എ ചിദംബരം സ്റ്റേഡിയം

vs പഞ്ചാബ് കിങ്സ് – മാര്‍ച്ച് 25 – എം. ചിന്നസ്വമി സ്റ്റേഡിയം.

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – മാര്‍ച്ച് 29- എം. ചിന്നസ്വാമി സ്റ്റേഡിയം

vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – ഏപ്രില്‍ 2 – എം. ചിന്നസ്വാമി സ്റ്റേഡിയം.

vs രാജസ്ഥാന്‍ റോയല്‍സ് – ഏപ്രില്‍ 6 – സവായ് മാന്‍സിങ് സ്റ്റേഡിയം.

 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്‌ക്വാഡ്

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, സൗരവ് ചൗഹാന്‍, സുയാഷ് പ്രഭുദേശായി, വിരാട് കോഹ്ലി, വില്‍ ജാക്സ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോംറോര്‍, മനോജ് ഭണ്ഡാഗെ, മായങ്ക് ഡാഗര്‍, സ്വപ്നില്‍ സിങ്, ടോം കറന്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആകാശ് ദീപ്, അല്‍സാരി ജോസഫ്, ഹിമാന്‍ശു ശര്‍മ, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്, രജന്‍ കുമാര്‍, റിസി ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, യാഷ് ദയാല്‍.

 

Content highlight: Suresh Raina says Virat Kohli deserves IPL trophy