റിങ്കുവുമല്ല ജിതേഷുമല്ല, സഞ്ജുവാണ് ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങുക; എക്‌സ് ഫാക്ടറിനെ തെരഞ്ഞെടുത്ത് റെയ്‌ന
Sports News
റിങ്കുവുമല്ല ജിതേഷുമല്ല, സഞ്ജുവാണ് ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങുക; എക്‌സ് ഫാക്ടറിനെ തെരഞ്ഞെടുത്ത് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th January 2024, 2:41 pm

ടി-20 ലോകകപ്പിന് മുമ്പിലുള്ള അവസാന ടി-20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് കളിക്കാനുള്ളത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ അവസാനിക്കുകയും രണ്ടിലും ജയിച്ച് ഇന്ത്യ പരമ്പര നേടുകയും ചെയ്തിട്ടുണ്ട്.

ഈ പരമ്പരയില്‍ പല സൂപ്പര്‍ താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. റിങ്കു സിങ്, ശിവം ദുബെ, യശസ്വി ജെയ്‌സ്വാള്‍ തുടങ്ങി മിക്ക താരങ്ങളും ലഭിച്ച അവസരം മുതലാക്കിയിട്ടുണ്ട്. ഐ.പി.എല്ലാണ് ലോകകപ്പ് സ്‌ക്വാഡ് തെരഞ്ഞെടുക്കുന്നതിലെ അവസാന മാനദണ്ഡമെങ്കിലും പല താരങ്ങളും ഇതിനകം തന്നെ സ്‌ക്വാഡിലെ തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ് ഇതുവരെ കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. ജിതേഷ് ശര്‍മയാണ് ഈ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങിയത്. എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാകുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

മുമ്പ് സ്‌പോര്‍ട്‌സ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അതേ കാര്യം അദ്ദേഹം ജിയോ സിനിമയില്‍ നടന്ന ടോക് ഷോയിലും ആവര്‍ത്തിക്കുകയാണ്.

 

‘ഈയിടെ സഞ്ജു സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച ഒരു സെഞ്ച്വറി നേടി. അവന്‍ ശരിക്കും ഒരു ക്യാപ്റ്റന്‍സി മെറ്റീരിയല്‍ തന്നെയാണ്. കളത്തിലിറങ്ങുമ്പോഴും അവന്റെ മനസ് ഇത്തരത്തില്‍ ചിന്തിച്ചുകൊണ്ടേയിരിക്കും.

കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിങ്ങനെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് നമുക്ക് ഒരുപാട് ഓപ്ഷനുകളുണ്ട്. റിഷബ് പന്ത് ആരോഗ്യവാനായി മടങ്ങിയെത്തിയാല്‍ അവനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തിന് യോഗ്യനാണ്.

സഞ്ജു സാംസണ്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അവന്റെ പക്കല്‍ ഒരുപാട് ഷോട്ടുകളുണ്ട്. പേസര്‍മാര്‍ക്കെതിരെ അവന്‍ മികച്ച രീതിയില്‍ പിക് അപ് ഷോട്ടുകള്‍ കളിക്കുന്നു.

 

സെലക്ടര്‍മാര്‍ ടി-20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുക്കും മുമ്പ് അവന്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവന്‍ ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാകും,’ റെയ്‌ന കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ ജിതേഷ് ശര്‍മ നിരാശപ്പെടുത്തിയതോടെ മൂന്നാം ടി-20യില്‍ സഞ്ജുവിന് കളത്തിലിറങ്ങാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്. ജനുവരി 17നാണ് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ബെംഗളൂരുവാണ് വേദി.

 

Content Highlight:  Suresh Raina says Sanju Samson will be the X factor in T20 World Cup