സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ക്കും: സുരേഷ് റെയ്‌ന
2023 ICC WORLD CUP
സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ക്കും: സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 9:52 am

2023 ഐ.സി.സി ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ നവംബര്‍ 15ന് മുബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനൊരുങ്ങുകയാണ്. ഏറെ ആവേശത്തോടെ കാത്തിരുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഏറ്റു മുട്ടുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

നിര്‍ണായക മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് രംഗത്ത് വരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ക്കുമെന്നാണ് റെയ്‌ന പറയുന്നത്. ഇന്ത്യയുടെ മികച്ച ബൗളിങ് യൂണിറ്റിന് മത്സര ഫലം മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

‘സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കും. ഇന്ത്യക്ക് മികച്ച ബൗളിങ് അക്രമണ രീതിയുണ്ട്. മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ടീമിന് അനുകൂലമായി കളിക്കാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

കളിച്ച ഒമ്പത് മത്സരങ്ങളും വിജയിച്ച രോഹിത് ശര്‍മയും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടങ്ങളുടെ അവസാനത്തോടെ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് ആദ്യ നാലില്‍ ഇടം നേടിയത്. 2019 ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയും ന്യൂസിലാന്‍ഡുമായിരുന്നു ഏറ്റുമുട്ടിയത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അന്ന് ഇന്ത്യക്ക് കിവീസിനോട് 18 റണ്‍സിന്റ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.

2019 ലോകകപ്പിലെ കണക്കുകള്‍ തീര്‍ക്കാന്‍ ഇന്ത്യ ആദ്യ സെമിയില്‍ വിജയിച്ച് ഫൈനലില്‍ എത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 2003 ലോകകപ്പിന് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനോട് ലോകകപ്പില്‍ വിജയിച്ചിട്ടില്ല എന്ന പേരും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തിരുത്തിക്കുറിച്ചിരുന്നു. നിലവില്‍ നേരിട്ട എല്ലാ ടീമിനേയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

നവംബര്‍ 16ന് സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയുമാണ് രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് മണിക്കാണ് മത്സരം. തുല്യശക്തികള്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ തീപാറുമെന്നത് ഉറപ്പ്. 2023 ലോകകപ്പിലെ ഫൈനല്‍ മത്സരം അരങ്ങേറുന്നത് നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2023 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത് ആരാകുമെന്ന ആകാംക്ഷയിലാണ്.

 

Content Highlight: Suresh Raina Say’s India Will Beat New Zealand In 2023 ICC World Cup Semi- Final