ഐ.പി.എല്ലിന്റെ ഗോട്ട് ആരെന്നതില്‍ തര്‍ക്കമുണ്ടാകാം, എന്നാല്‍ പ്ലേ ഓഫിലെ ഗോട്ട് ആരാണെന്നതില്‍ ഒരു തര്‍ക്കവും വേണ്ട; ദി കിങ് ഓഫ് പ്ലേ ഓഫ്
IPL
ഐ.പി.എല്ലിന്റെ ഗോട്ട് ആരെന്നതില്‍ തര്‍ക്കമുണ്ടാകാം, എന്നാല്‍ പ്ലേ ഓഫിലെ ഗോട്ട് ആരാണെന്നതില്‍ ഒരു തര്‍ക്കവും വേണ്ട; ദി കിങ് ഓഫ് പ്ലേ ഓഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd May 2023, 9:07 pm

ഐ.പി.എല്‍ 2023ലെ പ്ലേ ഓഫില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു പ്ലേ ഓഫ് കളിക്കുമ്പോള്‍ ആരാധകര്‍ ഒന്നടങ്കം മിസ് ചെയ്യുന്നത് സൂപ്പര്‍ താരം സുരേഷ് റെയ്‌നയെ തന്നെയാണ്. ഐ.പി.എല്‍ പ്ലേ ഓഫുകളില്‍ ഇത്രത്തോളം ഡോമിനന്‍സുള്ള താരം ചിന്നത്തലയല്ലാതെ മറ്റാരുമല്ല എന്നതുതന്നെ.

പ്ലേ ഓഫിലെ താരത്തിന്റെ പ്രകടനം തന്നെയാണ് ഇതിന് കാരണവും. താന്‍ വെറും മിസ്റ്റര്‍ ഐ.പി.എല്‍ മാത്രമല്ല, മിസ്റ്റര്‍ പ്ലേ ഓഫ് കൂടിയാണെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റുകളാണ് റെയ്‌നയുടേത്.

പ്ലേ ഓഫില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് ഇതില്‍ പ്രധാനം. ഐ.പി.എല്ലില്‍ നേടിയ 5528 റണ്‍സില്‍ 714 റണ്‍സും പിറന്നത് പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് മാത്രമാണ്.

ഇതിന് പുറമെ പ്ലേ ഓഫ് മത്സരങ്ങളില്‍ ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ താരം, പ്ലേ ഓഫില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരം, പ്ലേ ഓഫില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം, പ്ലേ ഓഫില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ താരം തുടങ്ങി റെക്കോഡുകള്‍ നീളുന്നു.

 

പ്ലേ ഓഫിലെ റെക്കോഡുകള്‍

ഏറ്റവുമധികം റണ്‍സ് – സുരേഷ് റെയ്‌ന – 714

ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം – സുരേഷ് റെയ്‌ന, ഫാഫ് ഡു പ്ലെസി, കെയ്‌റോണ്‍ പൊള്ളാര്‍ഡ് (മൂന്ന് വീതം)

ഏറ്റവുമധികം സിക്‌സര്‍ – സുരേഷ് റെയ്‌ന – 40

ഏറ്റവുമധികം ബൗണ്ടറികള്‍ – സുരേഷ് റെയ്‌ന – 51

വേഗമേറിയ അര്‍ധ സെഞ്ച്വറി – സുരേഷ് റെയ്‌ന – 16 പന്തില്‍ നിന്നും

ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് – സുരേഷ് റെയ്‌ന – 155.2

ഇതിന് പുറമെ ക്വാളിഫയറിലും, എലിമിനേറ്ററിലും ഫൈനലിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏക താരവും റെയ്‌ന തന്നെ.

ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സുരേഷ് റെയ്‌ന തുടരുന്നത്.

205 മത്സരത്തിലെ 200 ഇന്നിങ്‌സില്‍ നിന്നും 136.76 എന്ന സ്‌ട്രൈക്ക് റേറ്റിലും 32.52 എന്ന ശരാശരിയിലും 5528 റണ്‍സാണ് റെയ്‌ന നേടിയത്. ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ ഐ.പി.എല്‍ കരിയറിലുണ്ടായിരുന്നത്. 506 ബൗണ്ടറിയും 203 സിക്‌സറുമാണ് റെയ്‌നയുടെ ബാറ്റില്‍ നിന്നും പിറന്നത്.

 

Content Highlight: Suresh Raina’s incredible batting stats in IPL play offs