ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് സുരേഷ് റെയ്ന. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നാണ് സുരേഷ് റെയ്ന ട്വീറ്റിലൂടെ അറിയിച്ചത്. അതേസമയം വിദേശ ലീഗുകളില്‍ റെയ്ന തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘എന്റെ രാജ്യത്തെയും ഉത്തര്‍പ്രദേശിനെയും പ്രതിനിധാനം ചെയ്തുകൊണ്ട് കളിക്കാനായതില്‍ ഏറെ അഭിമാനമുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്ന വിവരം ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രിഹിക്കുന്നു. എന്റെ കഴിവുകളില്‍ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച ബി.സി.സി.ഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് ബോര്‍ഡിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജീവ് ശുക്ലയ്ക്കും എന്റെ ഫാന്‍സിനും ഒരുപാട് നന്ദി പറയുന്നു,’ സുരേഷ് റെയ്നയുടെ ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ റെയ്നയെ ടീമുകളൊന്നും എടുത്തിരുന്നില്ല. ഇതോടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും റെയ്ന പൂര്‍ണമായും വിരമിക്കുമെന്ന സൂചനകളുണ്ടായിരുന്നു.
എം.എസ്. ധോണിക്ക് തൊട്ടുപിന്നാലെയായിരുന്നു റെയ്‌നയും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2020 ഓഗസ്റ്റ് 15ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമായിരുന്നു റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ധോണിക്കൊപ്പം റെയ്‌നയുമുണ്ടായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഗാസിയബാദിലെ ആര്‍.പി.എല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിവരികയാണ് സുരേഷ് റെയ്‌ന. ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി ക്രിക്കറ്റ് മാച്ചുകള്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് റെയ്ന പറഞ്ഞിരുന്നു. ഈ വാക്കുകളുടെ കൂടി പശ്ചാത്തലത്തിലാണ് വിദേശ ലീഗുകള്‍ക്ക് വേണ്ടിയാണ് റെയ്‌നയുടെ വിരമിക്കല്‍ എന്ന് അഭ്യൂഹങ്ങളുണ്ടാകുന്നത്.
സെപ്റ്റംബര്‍ 10 മുതല്‍ തുടങ്ങുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലാണ് റെയ്‌ന കളിക്കുക. ‘സൗത്ത് ആഫ്രിക്ക, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ടി20 സീരിസുകള്‍ക്ക് വേണ്ടി എന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ അക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല,’ റെയ്‌ന പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി 226 ഏകദിന മത്സരങ്ങളും 18 ടെസ്റ്റ് പരമ്പരകളും 78 ടി20 മത്സരങ്ങളും റെയ്‌ന കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായാണ് റെയ്‌ന വിലയിരുത്തപ്പെടുന്നത്.
തന്റെ ആദ്യ ടെസ്റ്റ് സീരിസില്‍ തന്നെ സെഞ്ച്വറി നേടിയ റെയ്‌ന മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്. ദേശീയ ടീമില്‍ മികച്ച കരിയറില്‍ തുടരുന്ന സമയത്ത് തന്നെ ഐ.പി.എല്ലിലെ സ്റ്റാര്‍ പ്ലെയര്‍ കൂടിയായിരുന്നു റെയ്‌ന. ചെന്നൈക്ക് വേണ്ടി 4678 റണ്‍സാണ് റെയ്‌ന അടിച്ചുകൂട്ടിയത്. മിസ്റ്റര്‍ ഐ.പി.എല്ലെന്ന് ഓമനപ്പേരും ചെന്നൈക്ക് വേണ്ടി പുറത്തെടുത്ത പ്രകടനത്തിലൂടെ റെയ്‌ന നേടിയിരുന്നു.
Content Highlight: Suresh Raina retires from domestic cricket and may go to play in foreign leagues