| Saturday, 1st June 2024, 10:51 am

മാച്ച് വിന്നറാകാന്‍ സാധിക്കുന്ന എക്‌സ് ഫാക്ടര്‍, സ്‌ക്വാഡിലെ അവന്റെ സാന്നിധ്യം ഇന്ത്യക്ക് അനുഗ്രഹം; സൂപ്പര്‍ താരത്തെ കുറിച്ച് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിന് മുമ്പ് ശനിയാഴ്ച ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ച് ടീമിനെ ഒന്നുകൂടി ശക്തിപ്പെടുത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന ഈസ്റ്റ് മെഡോ തന്നെയാണ് സന്നാഹ മത്സരത്തിനും വേദിയാകുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം ശിവം ദുബെയെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. ദുബെ ഒരു മാച്ച് വിന്നറാണെന്നും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന താരത്തിന്റെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നും റെയ്‌ന അഭിപ്രായപ്പെട്ടു.

ഇന്ത്യ ചാമ്പ്യന്‍സ് ഇവന്റിലൂടെയായിരുന്നു റെയ്‌ന ഇക്കാര്യം പറഞ്ഞത്.

‘സ്വയം ഒരു മാച്ച് വിന്നറായി മാറാന്‍ സാധിക്കുന്ന ഒരു എക്‌സ് ഫാക്ടര്‍ ശിവം ദുബെയിലുണ്ട്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അവന്‍ ഇന്ത്യയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും സാധിക്കുമെന്നതിനാല്‍ അവന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരു അനുഗ്രഹം തന്നെയാണ്,’ റെയ്‌ന പറഞ്ഞു.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ദുബെക്ക് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള വിളിയെത്തിയത്. സീസണില്‍ കളിച്ച 14 മത്സരത്തില്‍ നിന്നും 36.00 എന്ന ശരാശരിയിലും 162.30 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 396 റണ്‍സാണ് ദുബെ നേടിയത്.

മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. 28 ബൗണ്ടറികളും അത്ര തന്നെ സിക്‌സറുകളും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ‘ആറുച്ചാമി’യുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തു.

ഈ ലോകകപ്പില്‍ അവസരം ലഭിച്ചാല്‍ തിളങ്ങാന്‍ ദുബെക്ക് അവസരമൊരുങ്ങും. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള ദുബെക്ക് സ്പിന്നിന് അനുകൂലമായ പിച്ചുകളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകാനും സാധിക്കും.

അയര്‍ലാന്‍ഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്

Content Highlight: Suresh Raina praises Shivam Dube

We use cookies to give you the best possible experience. Learn more