| Tuesday, 27th February 2024, 6:11 pm

രോഹിത്തിന്റെ സ്‌കില്‍ അദ്ദേഹത്തെപ്പോലെയാണ്; പ്രശംസയുമായി സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ 192 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാറ്റിങ്ങിന് പുറമെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും രോഹിത്തിന്റെ പ്രത്യേകതയാണ്. ഇപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് റെയ്‌ന.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയാണ് അടുത്ത എം.എസ് ധോണിയെന്ന് സുരേഷ് റെയ്ന പറഞ്ഞു. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയതിന് പിന്നാലെയാണ് റെയ്ന അഭിപ്രായപ്പെട്ടത്.

ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ കാലത്ത് ധോണിയെപ്പോലെ യുവതാരങ്ങള്‍ക്ക് രോഹിത് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൗത്ത്പാവ് പറഞ്ഞു. രോഹിത് ശരിയായ ദിശയിലാണ് പോകുന്നതെന്നും മിടുക്കനായ ക്യാപ്റ്റനാണെന്നും റെയ്ന പറഞ്ഞു.

‘അദ്ദേഹം അടുത്ത എം.എസ് ധോണിയാണ്, ധോണിയെപ്പോലുള്ളവര്‍ യുവ കളിക്കാര്‍ക്ക് അവസരം നല്‍കുന്നു. എം.എസ്. ധോണിയെ സൗരവ് ഗാംഗുലി പിന്തുണച്ചപ്പോള്‍ മുന്നില്‍ നിന്ന് മഹി നയിച്ചു. അവന്‍ ഒരു മികച്ച നായകനാണ്,

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ധ്രുവ് ജുറലിന് അവസരം നല്‍കിയതിന് രോഹിത്തിനെ റെയ്ന അഭിനന്ദിച്ചു. സര്‍ഫറാസ് ഖാനെയും ധ്രുവ് ജുറേലിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിന് രോഹിത് ശര്‍മക്ക് ക്രെഡിറ്റ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളിക്കാരുടെ ജോലിഭാരം കൈകാര്യം ചെയ്തതിലും മുന്‍ ക്രിക്കറ്റ് താരം രോഹിത്തിനെ അഭിനന്ദിച്ചു. റാഞ്ചി ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കി പകരം ആകാശ് ദീപിനെ ഉള്‍പ്പെടുത്തി. രോഹിത് മികച്ച ആസൂത്രകനാണ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുക എളുപ്പമല്ല. മാര്‍ച്ച് ഏഴിന് ധര്‍മശാലയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

Content Highlight: Suresh Raina Praises Rohit Sharma

We use cookies to give you the best possible experience. Learn more