ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിന്റേത്. കളിച്ച 14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട് എട്ട് പേയിന്റോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിട്ടായിരുന്നു ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്.
ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് സി.എസ്.കെയുടെ പ്രകടനത്തെ കഴിഞ്ഞ തവണ ബാധിച്ചത്.
സീസണിന് തൊട്ടുമുമ്പ് ധോണി നായകസ്ഥാനമൊഴിയുകയും പകരം രവീന്ദ്ര ജഡേജയെ ഏല്‍പ്പിക്കുകയുമായിരുന്നു.
എന്നാല്‍ ജഡേജക്ക് കീഴില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇതോടെ നായകസ്ഥാനമൊഴിഞ്ഞ ജഡ്ഡു വീണ്ടും ധോണിക്ക് ചുമതല കൈമാറുകയായിരുന്നു.
വരാനിരിക്കുന്ന സീസണില്‍ ജഡേജയെക്കുറിച്ച് ഒരു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍ സി.എസ്.കെയുടെ മുന്‍ ഇതിഹാസം സുരേഷ് റെയ്ന.
ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ ജഡേജയുടെ പെര്‍ഫോമന്‍സ് നമ്മള്‍ കണ്ടതാണെന്നും പരിക്കില്‍ നിന്ന് മോചിതനായി താരം പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് സി.എസ്.കെക്ക് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റ് കൊണ്ടും, ബോള്‍ കൊണ്ടും ജഡേജ ഇപ്പോള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ധോണിക്ക് വലിയൊരു പിന്തുണയാണ് താനെന്നു ജഡ്ഡി തെളിയിക്കുമെന്നും റെയ്‌ന പറഞ്ഞു.
അതേസമയം, ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനത്തെ കുറിച്ചും മാച്ച് വിന്നിങ് എബിലിറ്റിയെ കുറിച്ചും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ് പ്രശംസിച്ചിരുന്നു.
ഇന്ത്യക്കായി ബാറ്ററുടെ റോളിലും ബൗളറായും തിളങ്ങാന്‍ താരത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ജഡേജയാണെന്നും ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സിനെ മാത്രമേ ജഡേജക്കൊപ്പം താരതമ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ തിരിച്ചുവരവ് റോയലാക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇന്ത്യ-ഓസ്ട്രേലിയ, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ട് മത്സരത്തിലും കളിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടാണ് ജഡേജ ഇന്ത്യന്‍ ടീമിന്റെ ചാലക ശക്തിയാകുന്നത്.
Content Highlights: Suresh Raina praises Jadeja