ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായിരിക്കും ഗിൽ എന്നാണ് റെയ്ന പറഞ്ഞത്.
‘ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരിക്കും ഗിൽ. അവൻ ഒരു സൂപ്പർ സ്റ്റാറാവാനും അടുത്ത വിരാട് കോഹ്‌ലിയാകാനും ആഗ്രഹിക്കുന്നു. ലോകകപ്പിന് ശേഷവും ഞങ്ങൾ അവനെക്കുറിച്ച് കൂടുതൽ സംസാരിക്കും. 2019ലെ ലോകകപ്പിൽ രോഹിത് ശർമ നടത്തിയ പോലുള്ള പ്രകടനങ്ങൾ നടത്താൻ അവന് സാധിക്കും. അവന് 50 ഓവർ ബാറ്റ് ചെയ്യാനാവും ഇത് അദ്ദേഹത്തിന്റെ ബാറ്റിങിന് പുതിയ ഒരു ടേക്ക് ഓഫ് നൽകും’, ജിയോ സിനിമയുടെ ഹോം ഓഫ് ദ ബ്ലൂസിൽ റെയ്ന പറഞ്ഞു.
2019 ലോകകപ്പിൽ ഒൻപത് മത്സരങ്ങളിൽ നിന്നും 648 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. അഞ്ച് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും രോഹിത് ആ ലോകകപ്പിൽ നേടി. ഇതിന് സമാനമായ പ്രകടനമായിരിക്കും ശുഭ്മൻ ഗിൽ നടത്തുക എന്നാണ് റെയ്ന പ്രതീക്ഷിക്കുന്നത്.
2023 ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 2019 ൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറിയ ശുഭ്മൻ 33 മത്സരങ്ങളിൽ നിന്നും 1739 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും എട്ട് അർദ്ധസെഞ്ച്വറികളും താരത്തിന്റ പേരിലുണ്ട്.
അടുത്തിടെ കഴിഞ്ഞ ഏഷ്യാ കപ്പ് ടൂർണമെന്റിൽ 302 റൺസ് നേടിക്കൊണ്ട് ടീമിന്റെ ടോപ്പ് സ്‌കോറർ ആയി മാറാനും താരത്തിന് സാധിച്ചു. ഈ 24കാരന്റെ ബാറ്റിങ്ങിലുള്ള ഈ മിന്നും ഫോം ലോകകപ്പിലും കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.