ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകള്‍ തെരഞ്ഞെടുത്ത് സൂപ്പര്‍ താരം സുരേഷ് റെയ്‌ന. ടു സ്ലോഗേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു റെയ്‌ന ഐ.പി.എല്‍ ചരിത്രത്തില്‍ തനിക്ക് ഏറ്റവും മികച്ചതെന്ന് തോന്നിയ ഇന്നിങ്‌സിനെ കുറിച്ച് സംസാരിച്ചത്.
അടുത്തതേത് എന്നറിയാതെ തങ്ങള്‍ പറയുന്ന അഞ്ച് ഇന്നിങ്‌സുകളെ റാങ്ക് ചെയ്യാനായിരുന്നു റെയ്‌നയോട് അവതാരകര്‍ ആവശ്യപ്പെട്ടത്.
2022 ഐ.പി.എല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലെ റിങ്കു സിങ്ങിന്റെ ഇന്നിങ്‌സാണ് ആരാധകര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ, അടുത്തത് അവര്‍ ഏത് ഇന്നിങ്‌സിനെ കുറിച്ച് പറയും എന്ന് പോലും ചിന്തിക്കാതെ റെയ്‌ന ആ പ്രകടനത്തെ ഒന്നാമതായി അടയാളപ്പെടുത്തുകയായിരുന്നു.
പഞ്ചാബിനെതിരെ ധോണി നേടിയ 54 റണ്‍സായിരുന്നു അടുത്തത്. ഈ പ്രകടനത്തെ മൂന്നാം സ്ഥാനത്താണ് റെയ്‌ന പ്ലേസ് ചെയ്തത്.
2013ല്‍ പൂനെ വാറിയേഴ്‌സ് ഇന്ത്യക്കെതിരെ ക്രിസ് ഗെയ്ല്‍ അടിച്ചുകൂട്ടിയ 175 റണ്‍സായിരുന്നു മൂന്നാമതായി അവതാരകര്‍ പരാമര്‍ശിച്ചത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറായി ഒരു പതിറ്റാണ്ടിനിപ്പുറവും തുടരുന്ന ഈ പ്രകടനത്തിന് രണ്ടാം സ്ഥാനമാണ് റെയ്‌ന നല്‍കിയത്.
പഞ്ചാബിനെതിരെ സ്വയം നേടിയ 87 റണ്‍സിന്റെ ഐതിഹാസിക പ്രകടനത്തെ അഞ്ചാം സ്ഥാനത്ത് പ്രതിഷ്ഠിച്ച റെയ്‌ന, 15 ഓവര്‍ മത്സരത്തില്‍ വിരാട് പഞ്ചാബിനെതിരെ തന്നെ നേടിയ 113 റണ്‍സിന്റെ ചരിത്ര സെഞ്ച്വറിക്ക് നാലാം റാങ്കും നല്‍കി.
മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തില്‍ ഇതുപോലുള്ള മറ്റൊരു പ്രകടനവും കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് റെയ്‌ന റിങ്കുവിന്റെ പ്രകടനത്തെ ഒന്നാമതായി തെരഞ്ഞെടുത്തത്.
#1 റിങ്കു സിങ് – 48* (21) vs ഗുജറാത്ത് ടൈറ്റന്‍സ്
#2 ക്രിസ് ഗെയ്ല്‍ – 175* (66) vs പൂനെ വാറിയേഴ്‌സ് ഇന്ത്യ
#3 എം.എസ്. ധോണി – 54* (29) vs കിങ്‌സ് ഇലവന്‍ പഞ്ചാബ്
#4 വിരാട് കോഹ്‌ലി – 113 (50) vs കിങ്‌സ് ഇലവന്‍ പഞ്ചാബ്
#5 സുരേഷ് റെയ്‌ന – 87 (25) vs കിങ്‌സ് ഇലവന്‍ പഞ്ചാബ്
ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് റിങ്കു സിങ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പുറത്തെടുത്തത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ അവസാന ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയാണ് റിങ്കു തോല്‍വിയില്‍ നിന്നും നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.
ഇന്നിങ്‌സിലെ അവസാന നാല് ഓവറില്‍ നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 50 റണ്‍സായിരുന്നു. 17ാം ഓവര്‍ എറിയാന്‍ ക്യാപ്റ്റന്റെ റോളിലെത്തിയ റാഷിദ് ഖാന്‍ പന്തുമായി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക്.
ഓവറിലെ ആദ്യ പന്തില്‍ ആന്ദ്രേ റസലിനെ വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത്തിന്റെ കൈകളിലെത്തിച്ച് റാഷിദ് പുറത്താക്കി. സുനില്‍ നരെയ്നും കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ നെടും തൂണായ ഷര്‍ദുല്‍ താക്കൂറും കളത്തിലിറങ്ങാനുണ്ട് എന്ന ആരാധകരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ച് തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ്. ഹാട്രിക്കുമായി റാഷിദ് ഖാന്‍ തിളങ്ങി. ആ ഓവറില്‍ പിറന്നത് വെറും രണ്ടേ രണ്ട് റണ്‍സ്.
അവസാന 18 പന്തില്‍ ടീമിന് ജയിക്കാന്‍ വേണ്ടത് അപ്രാപ്യമെന്ന് തോന്നിയ 48 റണ്‍സ്. ഏഴ് പന്തില്‍ നിന്നും നാല് റണ്‍സുമായി റിങ്കു സിങ്ങും രണ്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി ഉമേഷ് യാദവും ക്രീസില്‍.
ഷമിയെറിഞ്ഞ 18ാം ഓവറില്‍ പിറന്നത് വെറും അഞ്ച് റണ്‍സ്. കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 12 പന്തില്‍ നിന്നും 43 റണ്‍സായി മാറി.
ഐറിഷ് താരം ജോഷ്വാ ലിറ്റിലിന്റെ 19ാം ഓവറില്‍ ഒരു സിക്സറും ഒരു ബൗണ്ടറിയുമടക്കം 14 റണ്‍സ് മാത്രം പിറന്നപ്പോള്‍ ടൈറ്റന്‍സിന്റെ ഡ്രസിങ് റൂമില്‍ വിജയാഘോഷം തകൃതിയായി.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. പന്തുമായി യാഷ് ദയാല്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക്. പിന്നെ ഗുജറാത്ത് സ്റ്റേഡിയം സാക്ഷിയായത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ തിരിച്ചുവരവിനും.
19.1: ലോങ് ഓണിലേക്ക് സിംഗിള്‍ നേടി ഉമേഷ് യാദവ് സ്ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറി.
19.2: യാഷ് ദയാലിന്റെ പന്തില്‍ റിങ്കു സിങ് ഡീപ് കവറിലേക്ക് തഴുകി വിട്ട് സിക്സര്‍ നേടി. കൊല്‍ക്കത്തക്ക് വിജയിക്കാന്‍ നാല് പന്തില്‍ 22 റണ്‍സ്.
19.3: യാഷ് ദയാലിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ടാം സിക്സര്‍. ദയാലിന്റെ ലോ ഫുള്‍ടോസ് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സിക്സറിന് പറത്തിയപ്പോള്‍ വിജയലക്ഷ്യം മൂന്ന് പന്തില്‍ 16 റണ്‍സിലേക്ക്.
19.4: ദയാലിന്റെ അടുത്ത ഫുള്‍ടോസ് ഡീപ് കവര്‍ പോയിന്റിലൂടെ ഗാലറിയിലേക്ക്. നിശബ്ദമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിന്റെ സ്‌ക്രീനില്‍ രണ്ട് പന്തില്‍ വിജയിക്കാന്‍ പത്ത് റണ്‍സ് എന്ന് തെളിഞ്ഞു.
19.5: ദയാലിനോട് ഒരു ദയവും കാണിക്കാതെ അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ച് റിങ്കു സിങ്.
19.6: അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. കൊല്‍ക്കത്തയെ സ്വപ്ന വിജയത്തിലേക്ക് നയിച്ച് ആ പന്തും സിക്‌സറിന് പറത്തി റിങ്കു ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Content Highlight: Suresh Raina picks top 5 IPL knocks in history