എന്റെ സമ്മതം വാങ്ങിയതിന് ശേഷമാണ് ധോണി എന്നെ ടീമില്‍ നിന്നും ഒഴിവാക്കി അവനെ ഉള്‍പ്പെടുത്തിയത്; തുറന്ന് പറച്ചിലുമായി റെയ്‌ന
IPL
എന്റെ സമ്മതം വാങ്ങിയതിന് ശേഷമാണ് ധോണി എന്നെ ടീമില്‍ നിന്നും ഒഴിവാക്കി അവനെ ഉള്‍പ്പെടുത്തിയത്; തുറന്ന് പറച്ചിലുമായി റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th June 2023, 12:06 pm

2021 സീസണിന്റെ അവസാന മത്സരങ്ങള്‍ സുരേഷ് റെയ്‌നയില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിച്ചിരുന്നത്. റെയ്‌നക്ക് പകരക്കാരനായി വെറ്ററന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ എത്തുകയും ചെയ്തിരുന്നു.

ദല്‍ഹിക്കെതിരായ മത്സരത്തിലായിരുന്നു റെയ്‌നയുടെ പകരക്കാരനായി ഉത്തപ്പ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഉത്തപ്പ 2021 സീസണിലാണ് ചെന്നൈയുടെ ഭാഗമായത്.

ദല്‍ഹിക്കെതിരായ മത്സരത്തിലെ ടോസിന്റെ സമയത്ത് റെയ്‌നക്ക് പരിക്കേറ്റിരുന്നു എന്നാണ് ധോണി പറഞ്ഞത്. ആ മത്സരത്തിന് ശേഷമുള്ള മറ്റ് മത്സരങ്ങളിലും ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ റെയ്‌ന ഉണ്ടായിരുന്നില്ല.

റോബിന്‍ ഉത്തപ്പയെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധോണി തന്നോട് സംസാരിച്ചിരുന്നുവെന്നും തന്റെ സമ്മതത്തോടെയാണ് ഉത്തപ്പ പ്ലെയിങ് ഇലവന്റെ ഭാഗമായതെന്നും റെയ്‌ന പറഞ്ഞു. ജിയോ സിനിമാസില്‍ ഉത്തപ്പയുമായുള്ള സംഭാഷണത്തിനിടൊയിരുന്നു റെയ്‌ന ഇക്കാര്യം പറഞ്ഞത്.

‘ധോണിയും ഞാനും സംസാരിച്ചപ്പോള്‍, ഞാനാണ് അദ്ദേഹത്തോട് റോബിന്‍ ഉത്തപ്പയെ പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. ധോണി എന്നോട് സമ്മതം വാങ്ങിയതിന് ശേഷമാണ് ഉത്തപ്പ ടീമിന്റെ ഭാഗമായത്. ‘അവനായിരിക്കും നമ്മളെ ഫൈനലിലെത്തിക്കുക, എന്നെ വിശ്വസിക്കൂ’ എന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു,’ റെയ്‌ന പറഞ്ഞു.

‘നോക്കൂ, 2008 മുതല്‍ നമ്മള്‍ കളിക്കുന്നുണ്ടെന്നും പക്ഷേ എനിക്ക് ഈ സീസണില്‍ വിജയിക്കണമെന്നും, അതിന് ഇനിയെന്ത് വേണമെന്ന് ഞാന്‍ നിര്‍ദേശിക്കണമെന്നും ധോണി എന്നോട് ആവശ്യപ്പെട്ടു.

റോബിനെ (ഉത്തപ്പ) മൂന്നാം നമ്പറില്‍ കളിപ്പിക്കണെന്നും ഫൈനല്‍ വരെ അവന്‍ പ്ലെയിങ് ഇലവന്റെ ഭാഗമാണെന്ന് ഉറപ്പിക്കണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ വിജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും വിജയിക്കും. കളിക്കുന്നത് ഞാന്‍ ആണെങ്കിലും അവനാണെങ്കിലും കുഴപ്പമില്ല. റെയ്‌നയും റോബിനും ഒന്നുതന്നെയാണ്,’ റെയ്‌ന കൂട്ടിച്ചേര്‍ത്തി.

റെയ്‌നയുടെ നിര്‍ദേശം ശരിവെക്കുന്ന പ്രകടനമായിരുന്നു റോബിന്‍ ഉത്തപ്പ പുറത്തെടുത്തത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ 44 പന്തില്‍ നിന്നും 63 റണ്‍സ് നേടിയ ഉത്തപ്പ, കൊല്‍ക്കത്തക്കെതിരായ ഫൈനലില്‍ 15 പന്തില്‍ നിന്നും 31 റണ്‍സും നേടിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് തങ്ങളുടെ നാലാം കിരീടം നേടിക്കൊടുക്കാന്‍ നിര്‍ണായക പങ്കാണ് ഉത്തപ്പ വഹിച്ചത്.

 

2021 സീസണിലെ നാല് മത്സരത്തില്‍ നിന്നും 136.90 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 115 റണ്‍സായിരുന്നു ഉത്തപ്പ നേടിയത്. അതേസമയം, സീസണില്‍ 12 മത്സരം കളിച്ച റെയ്‌നക്ക് 17.77 എന്ന ശരാശരിയിലും 125 സ്‌ട്രൈക്ക് റേറ്റിലും 160 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

 

Content highlight: Suresh Raina On Robin Uthappa’s Inclusion In CSK’s Playing XI