ഫൈനലില്‍ നമുക്കത് കാണാന്‍ സാധിച്ചേക്കും; വിരാടിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി റെയ്‌ന
icc world cup
ഫൈനലില്‍ നമുക്കത് കാണാന്‍ സാധിച്ചേക്കും; വിരാടിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 11:41 am

കരിയറിലെ രണ്ടാം ലോകകപ്പുയര്‍ത്താന്‍ ഒരു വിജയം മാത്രമാണ് വിരാട് കോഹ്‌ലിക്ക് ആവശ്യമുള്ളത്. 2023 ലോകകപ്പിനെ തന്നെ നിര്‍വചിക്കാന്‍ പോന്ന പ്രകടനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പുറത്തെടുത്തത്. നിരവധി ലോകകപ്പ് റെക്കോഡുകളും ക്രിക്കറ്റ് റെക്കോഡുകളുമാണ് ഈ പത്ത് മത്സരത്തിനിടെ വിരാട് സ്വന്തമാക്കിയത്.

അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തില്‍ വിരാട് മികച്ച പ്രകടനം നടത്തുമെന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയും വിരാട് കോഹ്‌ലിയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഫൈനലില്‍ വിരാടിന്റെ 51ാം ഏകദിന സെഞ്ച്വറി പിറക്കുമെന്നാണ് റെയ്‌ന വിശ്വസിക്കുന്നത്.

 

വിരാട് വളരെ മികച്ച താരമാണെന്നും പ്രധാനപ്പെട്ട മത്സരങ്ങള്‍ വിരാട് തന്റെ നൂറ് ശതമാനവും നല്‍കാറുണ്ടെന്നും റെയ്‌ന പറഞ്ഞു.

‘ വിരാട് വളരെ മികച്ച താരമാണ്, ബിഗ് മാച്ചുകളിലെല്ലാം അവന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാറുണ്ട്. സെമി ഫൈനലില്‍ അവന്‍ തന്റെ 50ാം ഏകദിന സെഞ്ച്വറി നേടി. ഫൈനലില്‍ ഒരുപക്ഷേ 51ാം സെഞ്ച്വറി നമുക്ക് കാണാന്‍ സാധിച്ചേക്കും.

ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ അവന്‍ ഏറെ ഇഷ്ടപ്പെടുന്നു. അവര്‍ക്കെതിരെ വിരാട് എട്ട് ഏകദിന സെഞ്ച്വറി നേടിയിട്ടുണ്ട്. കിരീടത്തിനായുള്ള പോരാട്ടം തന്നെ അവന്‍ ഫൈനലില്‍ പുറത്തെടുക്കുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് വിരാട് ഏകദിന സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 113 പന്തില്‍ നിന്നും 117 റണ്‍സാണ് വിരാട് നേടിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡ് വിരാടിന് സ്വന്തമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നാണ് വിരാട് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇതിന് പുറമെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് വിരാട് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

ഓസീസിനെതിരെ തകര്‍പ്പന്‍ ട്രാക്ക് റെക്കോഡാണ് വിരാട് കോഹ്‌ലിക്കുള്ളത്. 46 ഇന്നിങ്‌സില്‍ നിന്നും എട്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമാണ് വിരാട് കങ്കാരുക്കള്‍ക്കെതിരെ നേടിയത്. ഫൈനലില്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സ് തന്നെയാകും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുക.

 

 

Content highlight: Suresh Raina believes Virat Kohli will score 51st ODI century in World Cup