| Monday, 20th May 2024, 6:42 pm

അവന്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോള്‍ കളിയാക്കിയവര്‍ തന്നെ കയ്യടിക്കും; സൂപ്പര്‍ താരത്തിന് റെയ്‌നയുടെ പിന്തുണ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ നിന്നും ആദ്യം പുറത്താകുന്ന ടീമായാണ് മുംബൈ ഇന്ത്യന്‍സ് സീസണിനോട് വിടപറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും മുംബൈക്ക് ഇരിപ്പുറപ്പിക്കേണ്ടി വന്നു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍സ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.

കന്നി സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കുകയും തൊട്ടടുത്ത സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത ഹര്‍ദിക് പാണ്ഡ്യയെ വാംഖഡെയിലേക്ക് തിരിച്ചെത്തിക്കുകയും ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്ത നിമിഷം മുതല്‍ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ പിഴച്ചുതുടങ്ങിയിരുന്നു. സ്വന്തം ആരാധകര്‍ പോലും ടീമിനെ പരസ്യമായി തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി.

ഹര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിക്ക് പുറമെ സൂപ്പര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനം കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട മുംബൈക്ക് എട്ട് പോയിന്റ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. പോയിന്റില്‍ ഇരട്ടയക്കം കാണാന്‍ സാധിക്കാതെ പോയ ഏക ടീമും മുംബൈ തന്നെ.

അവസാനക്കാരായി ടീം പുറത്തായതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യക്കെതിരെ പല കോണുകളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാലിപ്പോള്‍ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. താത്കാലികമായ മോശം ഫോം ഒരു താരത്തെ മോശക്കാരനാക്കുന്നില്ലെന്ന് പറഞ്ഞ റെയ്‌ന വരാനിരിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

‘അവന്‍ (ഇന്ത്യക്കായി) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. താത്കാലികമായ മോശം ഫോം ഒരു താരത്തെയും മോശക്കാരനാക്കുന്നില്ല. ലോകകപ്പില്‍ പാകിസ്ഥാനെതിരെ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ എല്ലാവരും അവനെ പ്രശംസിക്കും,’ റെയ്‌നയുടെ വാക്കുകള് ഉദ്ധരിച്ച് ക്രിക്കറ്റ് പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിക്ട്രാക്കര്‍ അടക്കമുള്ള കായിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹര്‍ദിക്.

ലോകകപ്പ് സ്‌ക്വാഡില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ രോഹിത് ശര്‍മ അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഐ.പി.എല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹര്‍ദിക് പാണ്ഡ്യയെ ടി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതും ഉപനായക സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തുടര്‍ച്ചയായാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ വര്‍ഷത്തെ ടി-20 ലോകകപ്പിനുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും, ബാഹ്യസമ്മര്‍ദമാണ് മറിച്ചൊരു തീരുമാനത്തിലേക്ക് ഇവരെ നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകകപ്പ് സ്‌ക്വാഡില്‍ ഹര്‍ദിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു രോഹിത്തും അഗാര്‍ക്കറും. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് താരത്തെ ടീമിലെടുത്തതെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

Content highlight: Suresh Raina backs Hardik Pandya

We use cookies to give you the best possible experience. Learn more