കഴിഞ്ഞ ദിവസമാണ് സൗത്ത് ആഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. വിരാടിനും, രോഹിത് ശര്‍മയ്ക്കും, ബുംറയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയില്‍ ഒരുപാട് യുവതാരങ്ങളും ഇടം നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ദിനേഷ് കാര്‍ത്തിക്കിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവാണ് ടീം സെലക്ഷനിലെ പ്രധാന ആകര്‍ഷണം. 2019 ലോകകപ്പിലാണ് കാര്‍ത്തിക് ഇന്ത്യക്കായി അവസാനം പാഡണിഞ്ഞത്.
ഇപ്പോഴിതാ, കാര്‍ത്തിക്കിനെ ടീമിലെടുത്തതിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.
കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താമെങ്കില്‍ മറ്റൊരു വെറ്ററന്‍ ഓപ്പണിംഗ് ബാറ്ററായ ശിഖര്‍ ധവാനെയും ഉള്‍പ്പെടുത്താമെന്നായിരുന്നു എന്നാണ് റെയ്നയുടെ അഭിപ്രായം. സെലക്ടര്‍മാര്‍ ധവാനോട് കാണിക്കുന്നത് അനീതിയാണെന്നും റെയ്‌ന പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവ് എന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വിമര്‍ശനം.
‘തീര്‍ച്ചയായും ധവാന്‍ നിരാശനായിരിക്കും. ഏതൊരു ക്യാപ്റ്റനും ടീമില്‍ വേണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള താരമാണ് ധവാന്‍, ഡ്രസിംഗ് റൂമിനെ ആവേശിത്തിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിലായാലും അന്താരാഷ്ട്ര മത്സരത്തിലായാലും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്.
ദിനേഷ് കാര്‍ത്തികിനെ ടീമിലെത്തിക്കാന്‍ പറ്റുമെങ്കില്‍ ധവാനും ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങളായി അദ്ദേഹം നിര്‍ത്താതെ റണ്ണടിക്കുന്നുമുണ്ട്. ഇതുകാരണം അയാള്‍ തീര്‍ച്ചയായും സങ്കടത്തിലായിരിക്കും,’ റെയ്‌ന പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളായി ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ധവാന്‍ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 14 കളിയില്‍ നിന്നും 460 റണ്‍സ് ധവാന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ഐ.പി.എല്‍ 2021ല്‍ 587 റണ്ണും 2020ല്‍ 618 റണ്ണുമായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഐ.പി എല്‍ 2016 മുതലുള്ള എല്ലാ സീസണിലും 450ന് മുകളില്‍ ധവാന്‍ സ്‌കോര്‍ ചെയതിട്ടുണ്ട്. ഇതില്‍ അഞ്ച് തവണ 500ന് മുകളിലും ഒരു തവണ 600നു മുകളിലും താരം സ്‌കോര്‍ നേടിയിട്ടുണ്ട്. ഇത്രയും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ രണ്ട് വര്‍ഷത്തിനടയില്‍ വെറും 7 കളി മാത്രമേ ധവാന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളു എന്നതാണ് മറ്റൊരു വസ്തുത.