മുംബൈ: മുംബൈയിലെ ഹോട്ടലില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു എന്നാണ് റെയ്‌ന ജാമ്യത്തിലിറങ്ങിയ ശേഷം റെയ്‌നയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
‘മുംബൈയില്‍ ഒരു ഷൂട്ടിന്റെ ഭാഗമായാണ് റെയ്‌ന എത്തിയത്. ഷൂട്ട് വൈകി. പിന്നീട് ഒരു സുഹൃത്ത് അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ പോകുകയായിരുന്നു. പ്രാദേശികമായുള്ള നിയന്ത്രണങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധികാരികള്‍ അതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം അതനുസരിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന അദ്ദേഹം തുടര്‍ന്നും അതേ രീതിയില്‍ തന്നെ തുടരുന്നതായിരിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
മുംബൈ ഡ്രാഗണ്‍ഫ്ലൈ ക്ലബ്ബ് ഹോട്ടലില്‍ മുംബൈ പൊലീസ് നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രന്ധാവയും ബോളിവുഡ് താരം സുസൈന്‍ ഖാനുമടക്കം അടക്കം 34 പേരായിരുന്നു അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. റെയ്ഡില്‍ മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
അന്ധേരിയിലെ ക്ലബില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
34 പേര്‍ക്കെതിരെ സെക്ഷന്‍ 188 (സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവിനെതിരെയുള്ള ലംഘനം), സെക്ഷന്‍ 269 സെക്ഷന്‍ 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുവദനീയമായ സമയപരിധിക്കപ്പുറം സ്ഥാപനം തുറന്നിടുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
ബ്രിട്ടനില്‍ പുതിയ കൊവിഡ് വൈറസ് വ്യാപിച്ചതിന് പിന്നാലെ യു.കെയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിട്ടുണ്ട്.
പുതുവര്‍ഷത്തിന് മുന്നോടിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തും പ്രത്യേകിച്ച് മുംബൈയിലും പൊതുപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക