സമൂഹം തേങ്ങയാണ്; കുട്ടികളുടെ ശാരീരിക ആരോഗ്യമാണ് വലുത് സമൂഹം തേങ്ങയാണ്; കുട്ടികളുടെ ശാരീരിക ആരോഗ്യമാണ് വലുത്
ഇന്നലെ BBC യില്‍ ഒരു അശ്വതി എന്നു പേരുള്ള ഒരു മലയാളി പെണ്‍കുട്ടി കോളേജില്‍ പഠിക്കുമ്പോള്‍ ഗര്‍ഭിണി ആയപ്പോള്‍ വന്ന നരക യാതനകള്‍ വിവരിക്കുന്നുണ്ട് (Pregnant at Oxford University: Juggling motherhood with studying).
ഇങ്ങനെയുള്ള അവസരങ്ങളില്‍ മാതാപിതാക്കള്‍ ഇത്രയും ആലോചിച്ചാല്‍ മതി
‘സമൂഹം തേങ്ങയാണ്, മകന്റെ/ മകളുടെ മാനസിക ശാരീരിക ആരോഗ്യമാണ് വലുത്’ അത്രേ ഉള്ളൂ.
ഒരിക്കല്‍ ഇതേപോലെ ഒരു വിഷയത്തില്‍ എഴുതിയത് താഴെ കൊടുക്കുന്നു.
‘അച്ഛാ…. ഐ തിങ്ക്, ഐ ആം പ്രെഗ്‌നന്റ്’ ………ടീന്‍ ഏജ് ആയ മോള്‍ തേങ്ങിക്കൊണ്ട് ഫോണില്‍ വിളിച്ചു പറയുന്നു.
അല്ലെങ്കില്‍
‘അമ്മേ, എന്റെ കൂട്ടുകാരി പ്രെഗ്‌നന്റ് ആയി, എനിക്ക് പറ്റിയ ഒരു അബദ്ധമാണ്’. വെപ്രാളത്തോടെ… കോളേജില്‍ പഠിക്കുന്ന
മോന്‍ ഫോണില്‍.
നിങ്ങള്‍, ഒരു ടീന്‍ ഏജ് അല്ലെങ്കില്‍, പ്രായപൂര്‍ത്തി ആയ പെണ്‍ കുട്ടിയുടെയോ, ആണ്‍ കുട്ടിയുടെയോ മാതാവോ, പിതാവോ ആണെങ്കില്‍, ഒരു പക്ഷെ ഇങ്ങനെ ഒരു സംഭാഷണം കേള്‍ക്കേണ്ടി വന്നേക്കാം.
മക്കള്‍ ഇങ്ങനെ ഒരവസ്ഥയില്‍ നിങ്ങളോട് ഇത്രയും പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെകില്‍, നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്‌നേഹമുള്ള അച്ഛനോ അമ്മയോ ആയിരിക്കും.
പക്ഷെ, സ്‌നേഹം മാത്രം പോരല്ലോ?
ഉത്തരവാദിത്വം കൂടി വേണ്ടേ?
കുട്ടികള്‍ക്ക് വേണ്ടത്ര ലൈംഗിക വിദ്യഭ്യാസം കൊടുത്തിട്ടില്ലെങ്കില്‍ നിങ്ങള്‍ ഒരു ഉത്തരവാദിത്വം ഉള്ള അച്ഛനോ അമ്മയോ അല്ല എന്ന് വേണമെങ്കില്‍ ഒരു വാദത്തിനു വേണ്ടി പറയാം.
അപ്പോള്‍ മുകളില്‍ പറഞ്ഞ കാര്യം കുട്ടി പറയുമ്പോള്‍ കുറ്റം കുട്ടിയുടെ അല്ല, പൂര്‍ണ്ണമായും മാതാപിതാക്കളുടെ ആണ്.
അറിയേണ്ട കാര്യങ്ങള്‍, വേണ്ട സമയത്തു പറഞ്ഞു കൊടുക്കാത്തത് കൊണ്ടുള്ള കുഴപ്പം.
തത്ക്കാലം അതവിടെ നില്‍ക്കട്ടെ.
കാര്യത്തിലേക്കു കടക്കുന്നതിനു മുന്‍പേ പറയട്ടെ, ഇങ്ങനെ ഒരു ഫോണ്‍ കോള്‍ വന്നാല്‍ എങ്ങിനെ ആണ് പ്രതികരിക്കേണ്ടത്?
‘എന്റെ പൊന്നു മോള്‍/മോന്‍ പെട്ടെന്ന്, വീട്ടില്‍ വരൂ. അമ്മ/അച്ഛന്‍ നിന്നെ കുറ്റപ്പെടുത്തില്ല. നിന്റെ കൂടെ ഞാന്‍ ഉണ്ടാവും. ഇത് നമുക്കൊരുമിച്ചു നേരിടാം. വിഷമിക്കല്ലേ…. അബദ്ധങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും. ഇതും അങ്ങിനെയേ ഉള്ളൂ.’ എന്ന് പറയാം.
അല്ലാതെ ‘നീ കുടുംബം നശിപ്പിച്ചു, എവിടെയെങ്കിലും പോയി തുലയൂ…. ഞാന്‍ ഇനി എങ്ങിനെ മറ്റുള്ളവരുടെ മുഖത്തു നോക്കും…..’
എന്നുള്ള ശാപ വാക്കുകള്‍ അല്ല കുട്ടികള്‍ക്ക് ഈ സമയത്ത് ആവശ്യം. സമൂഹം എങ്ങിനെ ആയിരിക്കും പ്രതികരിക്കുക എന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. കുട്ടിയുടെ മാനസിക ആരോഗ്യമാണ് വലുത് എന്ന് മാത്രം കരുതുക.
അപ്പോള്‍ കുട്ടിയെ അവിവേകം ഒന്നും കാണിക്കാതെ വീട്ടില്‍ എത്തിക്കുക എന്നതാണ് വിവേകപൂര്‍വ്വം ഓരോ മാതാ പിതാക്കളും ആദ്യം ചെയ്യേണ്ടത്.
ഇനി വീട്ടില്‍ വച്ചാണ് പറയുന്നത് എങ്കിലും ഇതേ പോലെ പറഞ്ഞു സമാധാനിപ്പിക്കാം.
മകള്‍ ആണെങ്കില്‍ അന്നു തന്നെ, അല്ലെങ്കില്‍ പിറ്റേന്ന് ഒരു വിദഗ്ധ ഡോക്ടറെ (ഗൈനക്കോളജിസ്‌റിനെ) കാണിക്കണം.
ബാക്കി അവര്‍ ഉപദേശിക്കുന്ന പോലെ ചെയ്യണം.
പിന്നീട് വൈദഗ്ദ്യം ഉള്ള ഒരു നല്ല കൗണ്‍സലറെ കണ്ടുപിടിക്കണം, മോള്‍ക്കു ഈ മനോവേദനയില്‍ നിന്ന് കരകയറാന്‍ വേണ്ട ഉപദേശങ്ങള്‍ അവര്‍ തരും.
മകന്‍ ആണെങ്കില്‍ ആദ്യം തന്നെ ഒരു കൗണ്‍സിലിങ്ങിനു വിധേയം ആക്കണം. ഒരു തരത്തിലുള്ള കുറ്റപ്പെടുത്തലുകളും പാടില്ല.
സ്‌നേഹത്തോടെ സാധാരണ പെരുമാറുന്ന പോലെ തന്നെ പെരുമാറുക. കൂടെ ഇരുന്ന് ഒരു സിനിമ കാണുക. നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുക. അല്ലെങ്കില്‍ ചെറിയ ഒരു യാത്ര പോകുക. തമാശകള്‍ പറയുക. തകര്‍ന്നിരിക്കുന്ന ഒരു മനസ്സിനെ തിരികെ കൊണ്ടുവരാന്‍ ഇത്രയും ഒക്കെ ചെയ്യാം. ആ രഹസ്യം നിങ്ങളുടെ മാത്രം രഹസ്യം ആയിരിക്കട്ടെ. അതുവേറെ ആരും അറിയേണ്ട കാര്യം ഇല്ല. ബാക്കിയൊക്കെ ഡോക്ടറും, കൗണ്‍സലറും പറഞ്ഞപോലെ ചെയ്യുക.
പല ദിവസങ്ങളിലും പത്രത്താളുകള്‍ മറിക്കുമ്പോള്‍ ഭീതി വരാറുണ്ട്. ഒരു പക്ഷെ ആത്മഹത്യ ചെയ്യുന്ന പല കുട്ടികളും ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ എന്തു ചെയ്യണം എന്ന് ആകുലപ്പെടവര്‍ ആയിരിക്കാം.
കേരളത്തിലെ ടീനേജ് ഗര്‍ഭഛിദ്രത്തിന്റെ കൃത്യമായ കണക്കുകള്‍ ഒന്നും ലഭ്യമല്ല. എന്നിരുന്നാലും 2013 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ (Pregnancy Among Unmarried Adolescents and Young Adults J Obstet Gynaecol India. 2013 Mar; 63(1): 49-54. doi: 10.1007/s13224-012-0244-7).
രണ്ടു വര്‍ഷത്തെ ഇടവേളയില്‍ കേരളത്തില്‍ പഠന വിധേയമാക്കിയ 180 ഓളം സംഭവങ്ങളില്‍ 11.1 % പതിനാറു വയസ്സില്‍ താഴെ ഉള്ളവരും, 38.6 % 17 നും 19 നും ഇടയില്‍ പ്രായമുള്ളവരും 50.3 % 19 വയസ്സിനു മുകളില്‍ ഉള്ളവരും ആണ്.
വേണ്ട രീതിയിലുള്ള അറിവുകള്‍ ഇല്ലാതെ ലൈംഗിക അതിക്രമത്തില്‍ പെടുന്നവര്‍ വേറെ.
പറഞ്ഞു വരുന്നത്, കൃത്യമായ അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ പലരും ഇങ്ങനെയുള്ള ഒരു വൈകാരികവും മാനസികമായുമുള്ള ആഘാതത്തില്‍ കൂടി കടന്നു പോകേണ്ടി വരില്ലായിരുന്നു.
എന്റെ ചെറുപ്പത്തില്‍ (അന്നെനിക്ക് പന്ത്രണ്ടു വയസ്സുകാണും) അമ്മയുടെ ഒരു പരിചയക്കാരി, പതിനെട്ടു വയസ്സുള്ള മകനെ ചൂണ്ടിക്കാണിച്ച് അവന് ഇങ്ങനെയുള്ള കാര്യം ഒന്നും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നത് ഓര്‍മ്മയുണ്ട്.
മക്കള്‍ക്ക് ലൈംഗിക കാര്യങ്ങള്‍ ഒന്നും അറിയില്ല, അല്ലെങ്കില്‍ അവര്‍ അറിയേണ്ട, തനിയെ എല്ലാം എങ്ങിനെയോ പഠിച്ചു കൊള്ളും എന്നൊക്കെ ഉള്ള വിചാരമാണ് പലര്‍ക്കും.
ലൈംഗിക വിദ്യാഭ്യസം എന്നാല്‍ സെക്‌സ് എങ്ങിനെയാണ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത് എന്ന് ധരിച്ചാണ് ഇതിനെ പലരും നഖശിഖാന്തം എതിര്‍ക്കുന്നത്.
എന്താണ് ലൈംഗിക വിദ്യാഭ്യാസം?
കുട്ടികളെ പ്രായത്തിന് അനുസരിച്ചു ലൈംഗികതയെ പ്പറ്റി ബോധവല്‍ക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം. അല്പജ്ഞാനികളില്‍ നിന്നും കിട്ടിയ അബദ്ധ ധാരണകള്‍ മാറ്റാനും, സ്വന്തമായി ഉണ്ടാകുന്ന മിഥ്യാധാരണകള്‍ മാറ്റാനും ഇതുകൊണ്ട് സാധ്യമാകും.
ജീവശാസ്ത്ര പരമായ അറിവു മാത്രമല്ല മറിച്ച്, വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിര്‍ബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.
ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?
തീര്‍ച്ചയായും അങ്ങിനെയാണ് വേണ്ടത്. പ്രൈമറി സ്‌കൂളില്‍ പോകുന്ന കുട്ടിയോട് ‘മോന്റെ/മോളുടെ പ്രൈവറ്റ് പാര്‍ട്ടുകളില്‍ ആരും തൊടാന്‍ സമ്മതിക്കരുത്’ എന്ന് പറയുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പ്രായം കൂടുന്നത് അനുസരിച്ച് അവര്‍ക്ക് ഓരോ സ്റ്റേജിലും ആവശ്യമുള്ള കാര്യങ്ങള്‍ മടി കൂടാതെ പറഞ്ഞു കൊടുക്കണം. കൂടാതെ സ്ത്രീയേയും , പുരുഷനെയും തുല്യമായി കാണാനും, എങ്ങിനെയാണ് നല്ല ഒരു പങ്കാളിയെ കണ്ടെത്തുന്നതും പരസ്പരം ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതും, സമ്മതം (consent) എന്നാല്‍ എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതും, എല്ലാം ലൈംഗിക വിദ്യാഭ്യാസം ആണ്. ലൈംഗിക അതിക്രമം എന്താണ്; അതില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗിക വിദ്യാഭ്യാസം തന്നെ.
Harvard University Medical School se clinical psychiatry s{]m^kÀ Bbncp¶ Judith Lewis Herman ]dªXv
”Since most sexual abuse begins well before puberty, preventive education, if it is to have any effect at all, should begin early in grade school.’
എന്ന് വച്ചാല്‍
‘കൂടുതല്‍ ലൈംഗിക അതിക്രമങ്ങളും തുടങ്ങുന്നത് puberty (ഋതുമതി) ആകുന്നതിന് മുന്‍പേ ആണ്. അതിനാല്‍ ഇതിനെ തടുക്കാനുള്ള കാര്യങ്ങള്‍ ചെറിയ സ്‌കൂളില്‍ ആയിരിക്കുമ്പോള്‍ തന്നെ കുട്ടികളോട് പറഞ്ഞു കൊടുക്കണം’.
കൂടുതല്‍ വായനയ്ക്ക്/ References
1) Sexual health education in the schools: Questions & Answers: 3rd Edition, Alexander McKay and Mary Bissell,
2) Sex and Relationship; Education Guidance; Head teachers, Teachers & School Governors ( ref: DfEE 0116/2000)
3) Moni et al, Pregnancy Among Unmarried Adolescents and Young Adults J Obstet Gynaecol India. 2013 Mar; 63(1): 49-54. doi: 10.1007/s13224-012-0244-7
4) Best Start. (2008). Teen pregnancy prevention: Exploring out-of-school approaches. Toronto, ON: Best Start: Ontario’s Maternal, Newborn and Early Child Development Reosurce Centre.