| Saturday, 5th October 2019, 2:46 pm

ആദിത്യ താക്കറെയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തിറക്കുന്നത് ദളിത് നേതാവിനെ; സുരേഷ് മാനേയ്ക്ക് കേരളവുമായും അടുപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറേയുടെ മകനും ശിവസേന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആദിത്യ താക്കറേക്ക് വാക്കോവര്‍ നല്‍കേണ്ടില്ലെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാവും മുന്‍ ബി.എസ്.പി അദ്ധ്യക്ഷനുമായ സുരേഷ് മാനേയെ ആദിത്യ താക്കേറെയ്‌ക്കെതിരെ വര്‍ളി സീറ്റില്‍ മത്സരിപ്പിക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

എന്‍.സി.പിയ്ക്കാണ് വര്‍ളി സീറ്റ് സഖ്യം നല്‍കിയിരുന്നത്. ആദിത്യ താക്കറേയ്‌ക്കെതിരെ എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കരുത് എന്ന് ശിവസേന എന്‍.സി.പി നേതൃത്വത്തോട് രഹസ്യമായി ആവശ്യപ്പെട്ടിരുന്നു. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ മത്സരിക്കാനിറങ്ങിയപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ശിവസേന മത്സരിപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. എന്നാല്‍ ഈ ആവശ്യം എന്‍.സി.പി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ് മാനേയെ മത്സരിപ്പിക്കാന്‍ സഖ്യം തീരുമാനിച്ചത്.

ബി.എസ്.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സുരേഷ് മാനെ. തെന്നിന്ത്യയുടെ ചുമതലയായിരുന്നു സുരേഷ് മാനേയ്ക്ക് ബി.എസ്.പി നല്‍കിയിരുന്നത്. ആ സമയത്ത് കേരളത്തില്‍ പല തവണ സുരേഷ് മാനേ എത്തിയിട്ടുണ്ട്. സുരേഷ് മാനേയുടെ പ്രവര്‍ത്തന സമയത്ത് തെലങ്കാനയില്‍ ബി.എസ്.പി രണ്ട് സീറ്റ് നേടിയിരുന്നു. 2015ലായിരുന്നു സുരേഷ് മാനേ ബി.എസ്.പിയില്‍ നിന്ന് പുറത്താവുന്നത്.

തുടര്‍ന്ന് ബഹുജന്‍ റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. മണ്ഡലത്തിലെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് സുരേഷ് മാനേ.

We use cookies to give you the best possible experience. Learn more