ഡോക്ടര്‍ നല്ല തമ്പി, 1997ല്‍ റായ്ബറേലിയില്‍ പോയി ഇന്ദിരാഗാന്ധിയ്‌ക്കെതിരെ മത്സരിച്ച വയനാട്ടുകാരന്‍
FB Notification
ഡോക്ടര്‍ നല്ല തമ്പി, 1997ല്‍ റായ്ബറേലിയില്‍ പോയി ഇന്ദിരാഗാന്ധിയ്‌ക്കെതിരെ മത്സരിച്ച വയനാട്ടുകാരന്‍
സുരേഷ് കുഞ്ഞുപിള്ള
Tuesday, 2nd April 2019, 11:14 am

 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്നത് ഡോക്ടര്‍ നല്ല തമ്പിയെയാണ്.

നല്ല തമ്പി തേരാ പരമാനന്ദ.

1977 ല്‍ ഇന്ദിരാഗാന്ധിക്കെതിരെ ഒരു വയനാട്ടുകാരന്‍ റായ് ബറോലിയില്‍ പോയി മത്സരിച്ചു. അങ്ങനെയാണ് ഈ ഡോക്ടര്‍ അന്ന് വയനാട്ടുകാര്‍ക്കിടയില്‍ സംസാര വിഷയമായത്.

1984 ല്‍ അദ്ദേഹം രാജീവ് ഗാന്ധിക്കെതിരെ അമേഠിയിലും മത്സരിച്ചു.

അലോപ്പതി ഡോക്ടറാണ്. സാമൂഹിക പ്രവര്‍ത്തകന്‍. അടിയന്തരാവസ്ഥക്ക് എതിരെ പൊരുതിയ ധീരന്‍. ആ പ്രതിഷേധം കൊണ്ടാണ് റായ് ബറോലിയില്‍ പോയി ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ചത്. നല്ലതമ്പിക്ക് ആ സ്ഥാനാര്‍ത്ഥിത്വവും ഒരു സമരമാര്‍ഗ്ഗമായിരുന്നു.

1975 ലെ Kerala Scheduled Tribes Restriction on Transfer and Restoration of Alienated lands Act പ്രകാരം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതില്‍ സ്റ്റേറ്റിന് നിയമ തടസങ്ങള്‍ ഉണ്ട് എന്ന് കേരളാ ഗവണ്‍മെന്റ് നിലപാടെടുത്തപ്പോള്‍, ആദിവാസികള്‍ക്ക് ഒരു തരി മണ്ണുപോലും കിട്ടില്ല എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി സുപ്രീം കോടതിയില്‍ പോയി കേസ് നടത്തി അവസാനം ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കണം എന്ന ഉത്തരവും സമ്പാദിച്ചു വന്നവനാണ് ഡോക്ടര്‍ നല്ല തമ്പി.

അതായത് കേരളത്തിലെ ഇരു മുന്നണികളും ആദിവാസി ഭൂമി നല്‍കുന്നതിനു അനവധി തടസങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അതിനെതിരെ പൊരുതി ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള പ്രായോഗിക വഴി കണ്ടെത്തിയ ആദ്യത്തെ മനുഷ്യന്‍.

ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധിക്കെതിരെ ബോംബെ ഹൈക്കോടതിയിലും മദ്രാസ് ഹൈക്കൊടതിയിലും നല്ല തമ്പി പെറ്റീഷന്‍ നല്‍കി, ഇന്ദിര ഗാന്ധിക്കെതിരെ വെസ്റ്റ് ജര്‍മ്മന്‍ സബ്മറൈന്‍ കേസില്‍ ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി.

മറ്റു പലവിഷയങ്ങളിലും ഈ ഡോക്ടര്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജികള്‍ എണ്ണമറ്റതാണ്. പലതിലും ശ്രദ്ധേയമായ കോടതി ഉത്തരവുകള്‍ വന്നു.

കേരളത്തിലെ ആദിവാസികള്‍ക്ക് വേണ്ടി വിനയവാനും സൗമ്യനായ ഈ മനുഷ്യന്‍ ചെയ്തിട്ടുള്ളത്ര കാര്യങ്ങള്‍ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല.

ഇന്ന് ഇന്ദിരാഗാന്ധിയുടെ പൗത്രന്‍ മത്സരിക്കാനിടം തേടി നല്ലതമ്പിയുടെ മണ്ണിലേക്ക് വന്നിരിക്കുന്നു.

എതിരെ മത്സരിക്കാന്‍ ആലപ്പുഴയില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളിയും ഓടി വന്നിരിക്കുന്നു. നല്ലതമ്പി മത്സരിച്ചതെന്തിന്, തുഷാര്‍ മത്സരിക്കുന്നതെന്തിന്?