|

മണിച്ചിത്രത്താഴ് റീമേക്ക്; ചിത്രത്തിന്റെ ഷൂട്ട് ഭൂരിഭാഗം തീർന്നു, അപ്പോഴാണ് ആ നടി നൃത്തം അറിയില്ലായെന്ന് പറയുന്നത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ക്ലാസിക്ക് സിനിമകളിൽ ഒന്നായാണ് ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴിനെ കണക്കാക്കുന്നത്.

ബോക്സ്‌ ഓഫീസിൽ വലിയ വിജയമാവുന്നതിനോടൊപ്പം നിരവധി അവാർഡുകളും ചിത്രത്തിന് വാരിക്കൂട്ടാൻ സാധിച്ചു. അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു.

അക്ഷയ് കുമാർ, വിദ്യ ബാലൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഭൂൽഭുലേയ വലിയ വിജയം ആവുകയും ചെയ്തു.

എന്നാൽ ചിത്രത്തിന്റെ ഷൂട്ട് ഭൂരിഭാഗം തീർന്നപ്പോഴാണ് നായികയായ വിദ്യാബാലന് ഡാൻസ് അറിയില്ല എന്ന സത്യം തിരിച്ചറിയുന്നതെന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ സുരേഷ് കൃഷ്‌ണൻ പറയുന്നു. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭൂൽ ഭുലേയ എന്ന ചിത്രത്തിൽ ശോഭന ചെയ്ത കഥാപാത്രത്തിന്റെ വേഷമാണ് വിദ്യാബാലൻ ചെയ്തിട്ടുള്ളത്. എന്നോട് പ്രിയദർശൻ സാർ പറഞ്ഞു, സിനിമയുടെ കഥ വിദ്യാബാലനോട് ഞാൻ ഏകദേശം പറഞ്ഞു കൊടുത്തിട്ടുണ്ട്, പക്ഷേ നീ ഓരോ ഷോട്ട് കഴിയുമ്പോഴും ഒന്ന് പ്രോത്സാഹിച്ചു കൊടുക്കണമെന്ന് പറഞ്ഞു.

ഓരോ ഷോട്ട് കഴിയുമ്പോഴും വിദ്യബാലൻ നമ്മുടെ അടുത്ത് വന്ന് എങ്ങനെയുണ്ടെന്ന് ചോദിക്കും. ഞങ്ങൾ നന്നായിട്ടുണ്ടെന്ന് പറയും. ആദ്യം പ്രിയൻ ചേട്ടൻ പറയും കൊള്ളാമോ ഇല്ലയോയെന്ന്.

ശോഭന ചെയ്ത ഓർമ വെച്ചിട്ട് അടുത്ത സീനിൽ ഇങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന് ഇടയ്ക്ക് ഞാൻ പറഞ്ഞു കൊടുക്കും. ഏതാണ്ട് അത് പോലെയൊക്കെ ചെയ്യാറുണ്ട്. പക്ഷെ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞ ഒരു സംഭവമുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ്‌ എങ്ങനെയാണെന്ന് വിദ്യബാലൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇതിന്റെ ക്ലൈമാക്സ്‌ മുഴുവൻ ഡാൻസ് ആണെന്ന്.

അപ്പോൾ വിദ്യ പറഞ്ഞു, ഡാൻസോ? വെറുതെ പറ്റിക്കല്ലേയെന്ന്. ഞാൻ പറ്റിച്ചതല്ലായെന്ന് പറഞ്ഞപ്പോൾ വിദ്യാബാലൻ പറഞ്ഞു, എനിക്ക് ഡാൻസ് അറിയില്ലായെന്ന്. സിനിമയാണെങ്കിൽ ഭൂരിഭാഗവും ഷൂട്ട്‌ ചെയ്ത് കഴിഞ്ഞു. ഞാൻ ചെന്ന് പ്രിയൻ സാറോട് കാര്യം പറഞ്ഞു. പ്രിയൻസാർ വിദ്യ ബാലനെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തു,’ സുരേഷ് കൃഷ്‌ണൻ പറയുന്നു.

Content Highlight: Suresh Krishnan Talk About Bhoolbhuleya movie