24 വര്‍ഷമായി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് സുരേഷ് കൃഷ്ണ. സീരിയല്‍ രംഗത്ത് നിന്ന് ചമയം എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ലോകത്തേക്കെത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചുകൊണ്ടാണ് സുരേഷ് കൃഷ്ണ പ്രേക്ഷകശ്രദ്ധ നേടുന്നത്. ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലെ സൂപ്പര്‍സ്റ്റാര്‍ ഭദ്രന്‍ എന്ന കഥാപാത്രം സുരേഷ് കൃഷ്ണക്ക് ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ആദ്യമായി പ്രൊഡക്ഷന്‍ ഫുഡ് കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. ഒരുപാട് ഇഡലി കഴിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രണ്ട് ഇഡലിയും ഒരു വടയുമാണ് ലഭിച്ചതെന്ന് സുരേഷ് കൃഷ്ണ പറയുന്നു. അത് തനിക്കൊന്നും ആകില്ലെന്നും എന്നാല്‍ ആ സിനിമയിലെ നായിക രണ്ടെണ്ണത്തില്‍ ഒന്ന് തിരിച്ച് കൊടുക്കുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യമായി ഒരു സിനിമയുടെ ലൊക്കേഷനില്‍ പോയപ്പോള്‍ ഞാന്‍ കാണുന്നത് രണ്ട് ഇഡലിയും ഒരു വടയുമാണ്. എന്റെ ചങ്ക് കിടന്ന് പിടക്കാന്‍ തുടങ്ങി. ആരോട് പറയും. എന്തോരം ഇഡലി കഴിച്ച ഞാനാ. ഞാന്‍ ആലോചിച്ചപ്പോള്‍ അഞ്ച് വട്ടം പറഞ്ഞാലേ പത്ത് ഇഡലി ആകു. അതും എനിക്ക് മതിയാകില്ല. അത്രയും വട്ടം വാങ്ങിക്കുന്നതും നാണക്കേടാണ്.
ആ ഇഡലിയും നോക്കി ഞാന്‍ ഇരിക്കുമ്പോഴുണ്ട് സിനിമയിലെ നായിക ഒരു പ്രൊഡക്ഷന്‍ ബോയിയെ ‘തമ്പി ഇവിടെ വാ’ എന്ന് വിളിച്ചിട്ട് ഒരു ഇഡലി തിരിച്ച് കൊടുക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി. ഒരു ഇഡലി മാത്രം കഴിച്ചിട്ട് എങ്ങനെ ജീവിക്കാനാ. ആദ്യമായി പ്രൊഡക്ഷന്‍ ഭക്ഷണം ഞാന്‍ കാണുന്നത് അപ്പോഴാണ്.
പിറ്റേന്ന് ഞാന്‍ എന്നിട്ട് അഞ്ചരയ്ക്ക് പോകാന്‍ വേണ്ടി നിന്നപ്പോള്‍ എന്റെ അമ്മയുണ്ട് ഒരു കാസറോള്‍ നിറച്ചും ഇഡലിയും ചൂട് സാമ്പാറും ഉണ്ടാക്കി വെച്ചിട്ട്. ഞാന്‍ അത് മൊത്തം കഴിച്ചിട്ടാണ് പിറ്റേന്ന് ഷൂട്ടിന് പോയത്,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna Talks About Production Food