ആ ടൊവിനോ ചിത്രം കാരണം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം വന്ന ജോഷി സാറിന്റെ സിനിമ നഷ്ടമായി: സുരേഷ് കൃഷ്ണ
Entertainment
ആ ടൊവിനോ ചിത്രം കാരണം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം വന്ന ജോഷി സാറിന്റെ സിനിമ നഷ്ടമായി: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th July 2024, 10:13 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സുരേഷ് കൃഷ്ണ. 1990ല്‍ മധുമോഹന്‍ നിര്‍മിച്ച ദൂരദര്‍ശനിലെ ഒരു തമിഴ് സീരിയലിലൂടെയാണ് അദ്ദേഹം തന്റെ ആക്ടിങ്ങ് കരിയര്‍ ആരംഭിച്ചത്. മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ സുരേഷ് 2001ല്‍ പുറത്തിറങ്ങിയ കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ എത്തുന്നത്.

താരത്തിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് നടികര്‍. ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. നടികറില്‍ അഭിനയിക്കുന്നതിന്റെ ഇടയില്‍ തനിക്ക് നഷ്ടമായ സിനിമകളെ കുറിച്ച് പറയുകയാണ് സുരേഷ് കൃഷ്ണ. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ഓരോ സിനിമകളിലും പരാമവധി ലുക്ക് മാറ്റാന്‍ വേണ്ടി ശ്രമിക്കാറുണ്ട്. അപ്പോള്‍ ആ അപ്പിയറന്‍സ് ചിലപ്പോള്‍ അടുത്ത പടത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കില്ല. അതുമല്ലെങ്കില്‍ ആ അപ്പിയറന്‍സ് ഞാന്‍ വേറെയൊരു സിനിമയില്‍ കൊണ്ടു കൊടുത്താല്‍ ഈ സിനിമ നഷ്ടമാകും. അങ്ങനെ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് സിനിമകള്‍ നഷ്ടമുണ്ടായി. നടികര്‍ എന്ന സിനിമ ഏതാണ്ട് ആറ് മാസത്തോളം ഇടക്കിടെ ബ്രേക്ക് ചെയ്യേണ്ടി വന്നിരുന്നു. അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. പക്ഷെ ആ അപ്പിയറന്‍സ് വെച്ച് വേറെ സിനിമ ചെയ്യാന്‍ പറ്റില്ല.

ജീന്‍ ആ അപ്പിയറന്‍സ് വേറെ പടത്തില്‍ കൊടുത്താല്‍ കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ ഒട്ടിച്ചിട്ടുള്ള പരിപാടി വേണ്ടെന്ന് പറഞ്ഞു. അങ്ങനെ ഏതാണ്ട് ഏഴ് പടങ്ങള്‍ ആ സമയത്ത് എനിക്ക് നഷ്ടമായി. അതില്‍ ജോഷി സാറിന്റെ സിനിമയുണ്ടായിരുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം അദ്ദേഹം എന്നെ വേറെ സിനിമയില്‍ വിളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ആന്റണി എന്ന സിനിമയിലേക്കായിരുന്നു അന്ന് വിളി വന്നത്. പത്ത് മുപ്പത്തിയാറ് ദിവസത്തേക്കായിരുന്നു ഡേറ്റ് ചോദിച്ചത്. അത് വലിയ ഒരു നഷ്ടമായിരുന്നു,’ സുരേഷ് കൃഷ്ണ പറഞ്ഞു.


Content Highlight: Suresh Krishna Talks About Nadikar Movie