നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ താരമാണ് സുരേഷ് കൃഷ്ണ. 1990ല്‍ മധുമോഹന്‍ നിര്‍മിച്ച ദൂരദര്‍ശനിലെ ഒരു തമിഴ് സീരിയലിലൂടെയാണ് താരം തന്റെ ആക്ടിങ്ങ് കരിയര്‍ ആരംഭിച്ചത്.പിന്നീട് 2001ല്‍ പുറത്തിറങ്ങിയ കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് സുരേഷ് കൃഷ്ണ മലയാള സിനിമയില്‍ എത്തുന്നത്. അതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളോടൊപ്പവും ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ സുരേഷ് കൃഷ്ണക്ക് കഴിഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം കോളേജ് കുമാരന്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് താരം. അന്ന് 104 ഡിഗ്രി പനി ആയിരുന്നിട്ടും തന്നോടൊപ്പം മോഹന്‍ലാല്‍ ഫൈറ്റ് സീന്‍ ചെയ്തുവെന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഡെഡിക്കേഷന്റെ കാര്യത്തില്‍ ഏറെ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ് ലാലേട്ടന്‍. ഇപ്പോള്‍ ഉള്ള ആളുകള്‍ ചെറിയ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ പോലും വയ്യെന്ന് പറഞ്ഞ് ഷൂട്ടിങ്ങിന് വരാന്‍ പറ്റില്ലെന്ന് പറയും. ഒരു ദിവസം ഷൂട്ടിങ്ങ് മുടങ്ങിയാല്‍ പ്രൊഡ്യൂസര്‍ക്ക് എത്ര രൂപയുടെ നഷ്ടം വരുമെന്ന കാര്യം അവര്‍ ചിന്തിക്കില്ല. ലാലേട്ടന്‍ 104 ഡിഗ്രി പനി വെച്ചിട്ട് ഞങ്ങള്‍ ഫൈറ്റ് ചെയ്തിട്ടുണ്ട്.
കോളേജ് കുമാരന്‍ എന്ന സിനിമയ്ക്ക് വേണ്ടി ആയിരുന്നെന്ന് തോന്നുന്നു അദ്ദേഹം 104 ഡിഗ്രി പനി ആയിരുന്നിട്ടും ഫൈറ്റ് ചെയ്തത്. അദ്ദേഹം പറഞ്ഞാല്‍ വേണമെങ്കില്‍ ഒരു ദിവസമല്ല ഒരാഴ്ച്ച ആ സിനിമയുടെ ഷൂട്ടിങ്ങ് ബ്രേക്ക് ചെയ്യാനാകും. അങ്ങനെ ചെയ്താലും ആരും ഒന്നും പറയില്ല. എന്നിട്ടും ലാലേട്ടന്‍ അതിന് മുതിര്‍ന്നില്ല. താന്‍ ജോലി ചെയ്യുന്ന ആ മേഖലയോടുള്ള ഡെഡിക്കേഷനാണ് ഇതിന് കാരണം. അത് ശരിക്കും കണ്ട് പഠിക്കേണ്ട കാര്യമാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Suresh Krishna Talks About Mohanlal