| Thursday, 11th July 2024, 9:58 pm

എന്റെ ആ ഒറ്റവാക്കില്‍ മമ്മൂക്ക സങ്കടം സഹിക്കാതെ 'നീ വെറുതെ എന്നെ കരയിപ്പിക്കല്ലേടാ'യെന്ന് പറഞ്ഞു: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1990ല്‍ മധുമോഹന്‍ നിര്‍മിച്ച ദൂരദര്‍ശനിലെ ഒരു തമിഴ് സീരിയലിലൂടെ തന്റെ ആക്ടിങ്ങ് കരിയര്‍ ആരംഭിച്ച താരമാണ് സുരേഷ് കൃഷ്ണ. പിന്നീട് 2001ല്‍ പുറത്തിറങ്ങിയ കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാള സിനിമയില്‍ എത്തുന്നത്.

മലയാളത്തില്‍ തന്നെ നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളോടൊപ്പവും ഒരുപാട് സിനിമകളില്‍ സുരേഷ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ.

‘എന്റെ കല്യാണ സമയത്ത് ലാലേട്ടന്‍ കാശ്മീരിലായിരുന്നു. മേജര്‍ രവിയുടെ ഏതോ സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. മമ്മൂക്ക എന്തായാലും കല്യാണത്തിന് വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പൊള്ളാച്ചി കഴിഞ്ഞ് ഏഴ് മണിക്കൂര്‍ സഞ്ചരിക്കേണ്ട എവിടെയോ രഞ്ജിയേട്ടന്റെ സിനിമയുടെ ഷൂട്ടിലായിരുന്നു അന്ന് മമ്മൂക്ക. പ്രജാപതിയോ മറ്റോ ആയിരുന്നു ആ സിനിമ. എന്റെ വേറെയും സുഹൃത്തുക്കള്‍ ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

അപ്പോള്‍ മമ്മൂക്ക കല്യാണത്തിന് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. തലേദിവസമാണ് അദ്ദേഹം വിളിച്ച് കല്യാണത്തിന് വന്നാല്‍ മൂന്ന് ദിവസം ഷൂട്ടിങ്ങ് ബ്രേക്ക് ചെയ്യേണ്ടി വരുമെന്ന് പറയുന്നത്. അങ്ങനെ ചെയ്താല്‍ എത്രത്തോളം നഷ്ടം വരുമെന്ന് നിനക്ക് അറിയില്ലേയെന്ന് മമ്മൂക്ക അന്ന് ചോദിച്ചു. ‘ഏഴെട്ട് മണിക്കൂര്‍ വണ്ടിയോടിച്ച് അവിടെ വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അത്ര ദിവസം ഇവിടെ ഷൂട്ടിങ്ങ് നടക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഞാനപ്പോള്‍ ഇക്ക വന്നില്ലെങ്കില്‍ കുഴപ്പമില്ലെന്ന് മറുപടി നല്‍കി.

എന്റെ ഫോണ്‍ അന്ന് സൈലന്റായിരുന്നു. പിന്നെ കല്യാണമൊക്കെ കഴിഞ്ഞ ശേഷം രാത്രി നോക്കുമ്പോള്‍ മമ്മൂക്കയുടെ രണ്ട് മിസ്ഡ് കോള്‍ കണ്ടു. ഉടനെ തന്നെ ഞാന്‍ തിരിച്ചു വിളിച്ചു. ഫോണ്‍ എടുത്തതും എന്നോട് എല്ലാം ഓക്കേയല്ലേയെന്ന് ചോദിച്ചു. ഓക്കെയായിരുന്നെന്നും നന്നായിരുന്നെന്നും ഞാന്‍ പറഞ്ഞു. പക്ഷെ മമ്മൂക്ക വന്നില്ലെന്ന കാര്യത്തില്‍ മാത്രമാണ് സങ്കടമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നെ ഒരു കാര്യം കൂടെ ഞാന്‍ ഇക്കയോട് പറഞ്ഞിരുന്നു.

കല്യാണ നിശ്ചയം കഴിഞ്ഞ ശേഷം ഞാനും എന്റെ ഭാര്യയും മമ്മൂക്ക വന്നിട്ട് ഇക്കയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് സ്വപ്‌നം കണ്ടിരുന്നെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അത് നടന്നില്ല എന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞതും ഇക്ക സങ്കടം സഹിക്കാതെ ‘എടാ നീ വെറുതെ എന്നെ കരയിപ്പിക്കല്ലേടാ’ എന്ന് പറഞ്ഞു. ആ സമയത്ത് മമ്മൂക്ക കല്യാണിന്റെയോ മറ്റോ പരസ്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ എത്രയോ പവന്‍ സ്വര്‍ണം വാങ്ങിയാല്‍ മമ്മൂട്ടി കല്യാണത്തിന് എത്തുമെന്ന പരസ്യമുണ്ടായിരുന്നു.

അന്ന് അദ്ദേഹം ‘ഒരു പരിചയവുമില്ലാത്ത ആളുകളുടെ കല്യാണത്തിന് പോലും പോയി കൊണ്ടിരിക്കുകയാണ് ഞാന്‍. അപ്പോള്‍ സാധിച്ചിരുന്നെങ്കില്‍ ഞാന്‍ നിന്റെ കല്യാണത്തിന് വരാതിരിക്കുമോ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ അദ്ദേഹം പെട്ടെന്ന് തന്നെ ഇമോഷണലായി. അദ്ദേഹത്തിന്റെ തൊണ്ടയിടറി. അത്ര ചെറിയ മനസിന് ഉടമയാണ് മമ്മൂക്ക,’ സുരേഷ് കൃഷ്ണ പറഞ്ഞു.


Content Highlight: Suresh Krishna Talks About His Marriage And Mammootty

We use cookies to give you the best possible experience. Learn more