| Sunday, 29th September 2024, 8:51 am

ആ വ്യക്തിക്കാണ് എന്റെ അഭിനന്ദനം; 'കൺവിൻസിങ് സ്റ്റാർ' ട്രോളുകളെ കുറിച്ച് സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാളത്തിലെ നടന്മാര്‍ക്ക് തമാശരൂപത്തില്‍ സ്റ്റാര്‍ ടൈറ്റിലുകള്‍ നല്‍കുന്നത് കേരളത്തിലെ ട്രോളന്മാർക്കിടയിൽ ഇപ്പോൾ ട്രെൻഡാണ്.

നായകനെ കൂടെ നിന്ന് ചതിക്കുന്ന രണ്ടുമൂന്ന് കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാറിനെ ചീറ്റിങ് സ്റ്റാര്‍ എന്നും എല്ലാ സിനിമയിലും മരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് കീഴാറ്റൂരിന് ഡെത്ത് സ്റ്റാര്‍ എന്നും ടൈറ്റില്‍ നല്‍കിയത് ട്രോളന്മാരാണ്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും പുതിയ സ്റ്റാറിനെ ട്രോളന്മാര്‍ ആഘോഷിക്കുകയാണ്.

സുരേഷ് കൃഷ്ണയാണ് ട്രോളന്മാരുടെ പുതിയ ഇര. കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നാണ് സുരേഷ് കൃഷ്ണയെ ട്രോളന്മാര്‍ വിളിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നായകനെ കണ്‍വിന്‍സ് ചെയ്ത് ചതിക്കുന്ന സീന്‍ പണ്ടേ പ്രശസ്തമാണ്. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മാത്രമല്ല, സുരേഷ് കൃഷ്ണ അഭിനയിച്ച പല സിനിമകളിലും ഇങ്ങനെ ആളുകളെ കണ്‍വിന്‍സ് ചെയ്ത് പറ്റിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.

എന്നാൽ അന്നഭിനയിക്കുമ്പോൾ കഥാപാത്രങ്ങളിലെ സമാനത താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും ഈ കാര്യം ആദ്യമായി കണ്ടുപിടിച്ച വ്യക്തിക്കാണ് അഭിനന്ദനമെന്നും സുരേഷ് കൃഷ്ണ പറയുന്നു. താൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നും സുഹൃത്തുക്കളും ബന്ധുക്കളുമാണ് ട്രോളുകൾ കാണിച്ച് തന്നതെന്നും അദ്ദേഹം പറയുന്നു. ഈ ട്രോളുകളെല്ലാം ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും സുരേഷ് കൃഷ്ണ മലയാള മനോരമ ദിനപത്രത്തോട് പറഞ്ഞു.

‘ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായ ആളല്ല. ഇൻസ്റ്റയൊക്കെ വല്ലപ്പോഴും മാത്രമാണ് നോക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരമൊരു സംഗതി വൈറലായത് ആദ്യം അറിഞ്ഞിരുന്നില്ല. മരണമാസ് എന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോഴുള്ളത്.

സെറ്റിൽ പുതുതലമുറയിൽപ്പെട്ട ഒരുപാടുപേരുണ്ട്. അവരാണ് ഇൻസ്റ്റയിൽ പോസ്റ്റുകൾ വൈറലായത് ആദ്യം കാണിച്ചുതന്നത്. രാത്രിയിലാണ് ഷൂട്ടിങ്. രാവിലെ ആറു വരെയൊക്കെ ഷൂട്ട് പോവും. പകൽ ഉറക്കത്തിലാണ്.

എഴുന്നേൽക്കുമ്പോൾ മുതൽ വാട്സാപ്പിൽ ലിങ്കുകളുടെ പെരുമഴയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഫോണിൽ ഓരോ ലിങ്കുകൾ അയച്ച് തന്നു. എല്ലാ ട്രോളുകളും ഞാൻ ആസ്വദിച്ചു. തമാശ കണ്ട് ചിരിച്ചു. വീട്ടുകാരും ഇതൊക്കെ ആസ്വദിക്കുന്നുണ്ട്.

ഏറെക്കാലം മുമ്പ് അഭിനയിച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ വൈറലായത്. അന്നൊക്കെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് അടുത്ത സിനിമയിലേക്ക് പോവുകയായിരുന്നു. സമാനതകളൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം ആദ്യമായി കണ്ടുപിടിച്ച വ്യക്തിക്കാണ് അഭിനന്ദനം,’സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna Talk About New Trolls About His Characters

We use cookies to give you the best possible experience. Learn more