Entertainment
അന്ന് അത്രയും അടി വാങ്ങിയത് എന്തിനാണെന്ന് എനിക്കൊരു പിടിയുമില്ല: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 21, 10:52 am
Sunday, 21st July 2024, 4:22 pm

1990ല്‍ മധുമോഹന്‍ നിര്‍മിച്ച ദൂരദര്‍ശനിലെ ഒരു തമിഴ് സീരിയലിലൂടെ തന്റെ ആക്ടിങ്ങ് കരിയര്‍ ആരംഭിച്ച താരമാണ് സുരേഷ് കൃഷ്ണ.

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് അദ്ദേഹം. മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ സുരേഷ് 2001ല്‍ പുറത്തിറങ്ങിയ കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ എത്തുന്നത്.

പണ്ട് സിനിമയിൽ തന്റെ കഥാപാത്രം സ്ഥിരമായി അടിവാങ്ങാറുണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം എന്തിനാണെന്ന് ഇപ്പോൾ ആലോചിക്കാറുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ കുറച്ചുകാലം വെറും ഇടി വാങ്ങലായിരുന്നു എന്റെ പണി. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് തോന്നും, എന്തിനാണ് ആ ഇടിയൊക്കെ വാങ്ങിയതെന്ന് എനിക്കിപ്പോഴും ഒരു പിടിയുമില്ല.

ഞാൻ അതിനെ കുറിച്ച് കുട്ടേട്ടനോടും( വിജയ രാഘവൻ ) രാജൻ. പി ദേവിനോടുമെല്ലാം പറയുമായിരുന്നു. അവരായിരുന്നു സ്ഥിരമായി അച്ഛൻ വേഷങ്ങളൊക്കെ ചെയ്തിരുന്നത്.

അവരെല്ലാം മിക്കവാറും കൈ ഒന്ന് തിരിഞ്ഞതും മുഖമൊന്ന് കോടിയതുമായ വേഷങ്ങളായിരുന്നു സ്ഥിരമായി ചെയ്തുകൊണ്ടിരുന്നത്. അവർ വില്ലൻമാരുടെ അടുത്ത് ചെന്ന് വെറുതെ ഡയലോഗ് അടിക്കുമായിരുന്നു. അപ്പോൾ ഞാൻ അവരോട്, ഇത്ര കട്ടിയില്ലൊന്നും ഡയലോഗ് അടിക്കണ്ടായെന്ന് പറയും.

അപ്പോൾ അവർ ഇത്ര പവറിൽ പറഞ്ഞാലേ ശരിയാവുയെന്ന് പറയും. നിങ്ങൾ പറഞ്ഞോ, പക്ഷെ അത്രയും പവറിൽ ആയിരിക്കും എനിക്ക് അടി കിട്ടുകയെന്ന് ഞാൻ പറയും. അവരാണെങ്കിൽ അടി വാങ്ങുകയും ഇല്ല,’സുരേഷ് കൃഷ്ണ പറയുന്നു.

 

Content Highlight: Suresh Krishna Talk about His Film Career