1990ല്‍ മധുമോഹന്‍ നിര്‍മിച്ച ദൂരദര്‍ശനിലെ ഒരു തമിഴ് സീരിയലിലൂടെ തന്റെ ആക്ടിങ്ങ് കരിയര്‍ ആരംഭിച്ച താരമാണ് സുരേഷ് കൃഷ്ണ. നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് അദ്ദേഹം. മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ സുരേഷ് 2001ല്‍ പുറത്തിറങ്ങിയ കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ എത്തുന്നത്.
എന്നാല്‍ തന്നെ പലര്‍ക്കും സിനിമയിലേക്ക് വിളിക്കാന്‍ പേടിയാണെന്ന് പറയുകയാണ് താരം. തന്റെ പെരുമാറ്റം എങ്ങനെയാണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടെന്നും താന്‍ വളരെ സീരിയസാകും എന്നാണ് അവര്‍ കരുതുന്നതെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘പലര്‍ക്കും എന്നെ അവരുടെ സിനിമയിലേക്ക് വിളിക്കാന്‍ പേടിയാണ്. എന്നോട് പലരും ‘ചേട്ടനെ വിളിക്കാന്‍ പേടിയായിരുന്നു’ എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പെരുമാറ്റം എങ്ങനെയാണെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമായിരുന്നു. ഞാന്‍ വളരെ സീരിയസാണെന്നാണ് അവരൊക്കെ കരുതിയിരിക്കുന്നത്.
എന്നാല്‍ അതേ ആളുകള്‍ തന്നെ സിനിമ തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞാല്‍ പറയുക ‘എന്റെ ചേട്ടാ, ചേട്ടന്‍ ഇങ്ങനെയായിരുന്നോ’ എന്നാകും. എന്റെ ബോഡി ലാങ്വേജ് കാരണമാകും ഒരുപക്ഷെ ഞാന്‍ സീരിയസായ ആളാകുമെന്ന് പലര്‍ക്കും തോന്നുന്നത്. പിന്നെ ഞാന്‍ പൊതുവെ ഒരുപാട് സംസാരിക്കുന്ന ഒരാളല്ല. എന്നാല്‍ ഒരു സംസാരപ്രിയനുമാണ്. ഒരു പ്രത്യേക സൗഹൃദ വലയത്തിന് അകത്ത് ഒരുപാട് സംസാരിക്കുന്ന ആളാണ് ഞാന്‍. പിന്നെ ഒരേ വേവ് ലെങ്ത്ത് കിട്ടണം.
പുറത്തിറങ്ങിയാല്‍ ഞാന്‍ ആരെയും നോക്കുന്നില്ലെന്നാണ് പരാതി. പക്ഷെ വെറുതെ നോക്കാന്‍ എനിക്ക് പേടിയാണ്. എന്റെ ജിമ്മിലുള്ള ആളുകളൊക്കെ ‘ഞാന്‍ ആരുടെയും മുഖത്ത് നോക്കില്ലെന്ന്’ പറയും. ജാഡയായത് കൊണ്ടല്ല അത്. അങ്ങനെ നോക്കിയിട്ട് എന്തിനാണ് അവന്റെ നോട്ടം ശരിയല്ലെന്ന് പറയിപ്പിക്കുന്നതെന്ന് കരുതിയാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Suresh Krishna Says Why He Doesn’t Talk Much