|

കൈയില്‍ ഒരുപാട് പൈസയും ചുറ്റും ഒരുപാട് പരിചാരകരും ഉണ്ടായിട്ടും മമ്മൂക്ക കഴിക്കുന്ന ഭക്ഷണം എന്നെ അത്ഭുതപ്പെടുത്തി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഭക്ഷണകാര്യത്തിലും ആരോഗ്യകാര്യത്തിലും താന്‍ അധികം ശ്രദ്ധ കൊടുത്തിരുന്നില്ലായിരുന്നെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. വില്ലനായി ഒരുപാട് വേഷം ചെയ്യുമ്പോഴും താന്‍ അധികം ആരോഗ്യം നോക്കാറില്ലായിരുന്നെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. സിനിമയിലെത്തിയ സമയത്ത് ഒരുദിവസം 40 ഇഡലി വരെ കഴിക്കുമായിരുന്നെന്നും പിന്നീട് മാറിയതാണെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

അതിന് കാരണക്കാരനായത് മമ്മൂട്ടിയായിരുന്നെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. വജ്രം എന്ന ചിത്രത്തില്‍ താന്‍ വില്ലന്‍ വേഷം ചെയ്തിരുന്നെന്നും ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയുമായി കൂടുതല്‍ അടുത്തതെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ അടുത്ത് ഇരുന്നപ്പോഴാണ് ഭക്ഷണകാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ഏത്രമാത്രം ശ്രദ്ധ നല്‍കുന്നുണ്ടെന്ന് തനിക്ക് മനസിലായതെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

കൈയില്‍ ഒരുപാട് പൈസയും ചുറ്റും ഒരുപാട് പരിചാരകരും ഉണ്ടെങ്കിലും ഇലകള്‍ പുഴുങ്ങിയതും നട്‌സുമൊക്കയാണ് മമ്മൂട്ടി കഴിക്കുന്നതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് താന്‍ ഹെല്‍ത് കോണ്‍ഷ്യസായതെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘ഞാന്‍ ഭക്ഷണകാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു കണ്‍ട്രോളും വെക്കാത്ത ആളായിരുന്നു. വില്ലന്‍ വേഷങ്ങളാണ് കൂടുതലും ചെയ്തതെങ്കിലും ആ സമയത്ത് ആരോഗ്യം പരിപാലിക്കണമെന്ന ചിന്തയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഒരുദിവസം 40 ഇഡലിയൊക്കെയാണ് ഞാന്‍ കഴിക്കാറുണ്ടായിരുന്നത്. അത് മാറി ആരോഗ്യമൊക്കെ നോക്കണമെന്ന് മനസിലായത് മമ്മൂക്കയെ പരിചയപ്പെട്ടപ്പോഴാണ്.

വജ്രം എന്ന സിനിമയില്‍ ഞാനായിരുന്നു വില്ലന്‍. മമ്മൂക്കയുടെ അടുത്ത് കസേരയിട്ട് ഇരിക്കാന്‍ പറ്റിയത് ആ സമയത്താണ്. അദ്ദേഹം കഴിക്കുന്ന ഭക്ഷണവും സ്വന്തം ആരോഗ്യം നോക്കുന്ന രീതിയും എന്നെ അത്ഭുതപ്പെടുത്തി. കൈയില്‍ ഒരുപാട് പൈസയും ചുറ്റും ഒരുപാട് പരിചാരകരും ഉണ്ടായിട്ടും അദ്ദേഹം കഴിക്കുന്നത് പുഴുങ്ങിയ ഇലകളും നട്‌സും ഒക്കെയാണ്. അതിന് ശേഷമാണ് ഞാന്‍ ഹെല്‍ത് കോണ്‍ഷ്യസാകുന്നത്,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna says Mammootty influenced on his health and diet

Latest Stories

Video Stories