സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.
താന്‍ ചെയ്ത പല സിനിമകള്‍ക്കും ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ. പല സിനിമകളിലും അഭിനയിച്ചതിന് ചെക്ക് മാത്രമേ കിട്ടിയിട്ടുള്ളൂവെന്നും എന്നാല്‍ അതൊന്നും പാസായിട്ടില്ലെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.
ആ ചെക്കുകളെല്ലാം താന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും സമയം വരുമ്പോള്‍ അതെല്ലാം പുറത്തെടുക്കുമെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. തന്റെ കയ്യില്‍ ആ ചെക്കുകളുണ്ടെന്ന് ആ നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. സിനിമയില്‍ ഏറ്റവുമധികം പൈസ മുടക്കേണ്ടത് മേക്കിങ്ങിലാണെന്നാണ് തന്റെ അഭിപ്രായമെന്നും കഥ ആവശ്യപ്പെടുന്ന രീതിയില്‍ മേക്ക് ചെയ്യണമെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
‘കരിയറിന്റെ തുടക്കത്തില്‍ ചെയ്ത പല പടത്തിലും എനിക്ക് പൈസ കിട്ടിയിട്ടില്ല. അതിന്റെ പ്രൊഡ്യൂസേഴ്‌സ് ചെക്ക് കൈയില്‍ തരികയായിരുന്നു. നടന്മാര്‍ പൈസ കുറക്കണമെന്നാണല്ലോ അസോസിയേഷന്‍ പറയുന്നത്. പക്ഷേ, എനിക്ക് പല പടത്തിലും പൈസ കിട്ടിയിട്ടില്ല എന്നതാണ് സത്യം. അവര്‍ തന്ന പല ചെക്കുകളും ബൗണ്‍സായിപ്പോയി.
അതെല്ലാം ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ അതൊക്കെ പുറത്തെടുക്കാമെന്ന് വിചാരിച്ച് ഇരിക്കുകയാണ്. എന്റെ കൈയില്‍ ആ ചെക്കൊക്കെ ഉണ്ടെന്ന് ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. സിനിമ കൂടുതല്‍ നന്നാകണമെങ്കില്‍ കഥ ആവശ്യപ്പെടുന്ന രീതിയില്‍ മേക്കിങ്ങില്‍ കൂടുതല്‍ പൈസ ചെലവാക്കണമെന്നാണ് എന്റെ അഭിപ്രായം,’ സുരേഷ് കൃഷ്ണ പറയുന്നു.
സുരേഷ് കൃഷ്ണ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയാണ് ചിത്രത്തിന്റെ രചന. വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികളായിരുന്നു മരണമാസിന്റേത്. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Suresh Krishna says he didn’t get remuneration in his beginning stage