| Sunday, 7th July 2024, 4:28 pm

ശിവാജി ഗണേശന്‍ സാര്‍ ചെയ്യണമെന്ന് ആഗ്രഹിച്ച റോളാണ് ഞാന്‍ ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ തമിഴില്‍ ചെയ്ത സീരിയലിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. തമിഴ് ജനത ദൈവത്തെപ്പോലെ ആരാധിക്കുന്ന തിരുവള്ളുവറിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള സീരിയലില്‍ തിരുവള്ളുവറായി വേഷമിട്ടത് സുരേഷ് കൃഷ്ണയായിരുന്നു. ദൂരദര്‍ശന്‍ തമിഴില്‍ സംപ്രേഷണം ചെയ്ത സീരിയല്‍ കണ്ട് ശിവാജി ഗണേശന്‍ അഭിനന്ദിച്ചുവെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.

കരിയറില്‍ എല്ലാതരം വേഷങ്ങളും ചെയ്ത ശിവാജി ഗണേശന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തിരുവള്ളുവരായി അഭിനയിക്കുക എന്നത്. എന്നാല്‍ അത് സാധിക്കാതെ പോയെന്നും താരം പറഞ്ഞു. എന്നാല്‍ സീരിയല്‍ കണ്ട ശേഷം താന്‍ ചെയ്യാന്‍ ആഗ്രഹിച്ച വേഷം മറ്റൊരാള്‍ മികച്ചതായി ചെയ്യുന്നത് കണ്ടു എന്ന് ശിവാജി ഗണേശന്‍ പറഞ്ഞെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ തമിഴിലായിരുന്നു സീരിയല്‍ ചെയ്തുകൊണ്ടിരുന്നത്. തമിഴ് ജനത ദൈവത്തെപ്പോലെ ആരാധിക്കുന്ന തിരുവള്ളുവരുടെ ലൈഫ് സ്റ്റോറി സീരിയലാക്കിയപ്പോള്‍ മെയിന്‍ റോള്‍ ചെയ്തത് ഞാനായിരുന്നു. ആ റോള്‍ എനിക്ക് തന്ന അംഗീകാരം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ആ സീരിയലിനെപ്പറ്റി നടികര്‍ തിലകം ശിവാജി ഗണേശന്‍ സാര്‍ ഒരു ഇന്റര്‍വ്യൂവില്‍ സംസാരിച്ചിരുന്നു. അദ്ദേഹം ചെയ്യാനാഗ്രഹിച്ച വേഷമാണ് തിരുവള്ളുവരുടേതെന്നും എന്നാല്‍ അദ്ദേഹത്തിനത് ചെയ്യാന്‍ പറ്റിയില്ലെന്നും പറഞ്ഞു.

ആ സീരിയലില്‍ തിരുവള്ളുവരായി അഭിനയിച്ചയാള്‍ നല്ല പെര്‍ഫോമന്‍സാണെന്ന് ശിവാജി സാര്‍ പറഞ്ഞു. അതിലും വലിയ അവാര്‍ഡ് എനിക്ക് വേറെ കിട്ടാനില്ല. കാരണം, ശിവാജി സാര്‍ ചെയ്യാത്ത വേഷങ്ങളൊന്നുമില്ല. അത്രയും വലിയ നടന്‍ ചെയ്യാനാഗ്രഹിച്ച കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ വലിയ അഭിമാനം തോന്നി. ആ ഇന്റര്‍വ്യൂ ഒരു പത്രത്തിലായിരുന്നു ഞാന്‍ കണ്ടത്. ഒരുപാട് കാലം അത് എന്റെ കൈയിലുണ്ടായിരുന്നു. പിന്നീട് എവിടെയോ കളഞ്ഞുപോയി,’ സുരേഷ് കൃഷ്ണ പറഞ്ഞു.

Content Highlight: Suresh Krishna about the compliment he got from Sivaji Ganeshan

We use cookies to give you the best possible experience. Learn more