സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.
ആദ്യകാലത്ത് ചെയ്ത വില്ലന്‍ വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. സെറ്റിലെത്തി രാവിലത്തെ ഭക്ഷണം കഴിച്ചതിന് ശേഷം തല്ലുകൊള്ളുന്ന പരിപാടിയായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. എന്തിനാണ് തല്ലുകൊള്ളുന്നതെന്ന് പോലും അറിയാതെയാണ് ആദ്യകാലങ്ങളില്‍ പല സിനിമകളും ചെയ്തതെന്ന് സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
താനായിട്ട് തെറ്റ് ചെയ്താല്‍ മാത്രമല്ലേ തല്ലുകൊള്ളേണ്ട ആവശ്യമുള്ളു എന്ന് ചിന്തിക്കുമായിരുന്നെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. അതിന് മുമ്പുള്ള സീനുകളില്‍ വിജയരാഘവന്‍, രാജന്‍ പി. ദേവ് പോലുള്ളവരുടെ കഥാപാത്രങ്ങള്‍ അവസാന ഓപ്ഷനായി തന്നെ വിളിച്ചുവരുത്തുന്നതാകും സിറ്റുവേഷനെന്ന് സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
അവര്‍ കാണിച്ചുകൂട്ടുന്ന തെറ്റിന് ബോംബേയില്‍ നിന്ന് വന്ന് അടിവാങ്ങുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു മിക്കതുമെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. ഇടിവാങ്ങുക എന്നല്ലാതെ മറ്റൊരു കാര്യവും അന്നത്തെ കാലത്ത് തനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂവെന്ന് സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
ആദ്യത്തെ കാലത്ത് പല സിനിമയിലും സെറ്റിലെത്തി ഫുഡ് കഴിച്ച ശേഷം ഹാര്‍ണേഴ്‌സ് ഒക്കെ കെട്ടും. എന്നിട്ട് അങ്ങോട്ട് എന്നെ എടുത്തിട്ട് ഇടിയാണ്. എന്തിനാണ് ഇടി കൊള്ളുന്നതെന്ന് എനിക്ക് പോലും അറിയില്ല. ഞാനായിട്ട് എന്തെങ്കിലും തെറ്റ് ചെയ്താലല്ലേ ഇങ്ങനെ അടികൊള്ളേണ്ടതുള്ളൂ. അതിന് മുമ്പുള്ള സീനുകളില്‍ വിജയരാഘവനോ, രാജന്‍ പി. ദേവോ പോലുള്ള കാരണവന്മാരായിട്ടുള്ള വില്ലന്മാര്‍ വമ്പന്‍ ബില്‍ഡപ്പില്‍ ഡയലോഗടിച്ച് വെച്ചിട്ടുണ്ടാവും.
അവര്‍ക്ക് വേറൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ‘ഇനി അവനെ വിളിക്ക്, വേറൊന്നും നോക്കണ്ട, എല്ലാം അവന്‍ നോക്കിക്കോളും’ എന്ന് പറഞ്ഞ് എന്നെ മുംബൈയില്‍ നിന്ന് വിളിച്ചുവരുത്തും. അവര്‍ കാണിച്ചുവെച്ച തെറ്റുകള്‍ക്ക് അടി വാങ്ങുക എന്നല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല. വണ്ടി പിടിച്ച് വന്ന് അടി വാങ്ങുക എന്നത് മാത്രമായിരുന്നു എന്റെ പല കഥാപാത്രങ്ങളുടെയും അവസ്ഥ,’ സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Suresh Krishna about the characters he got in beginning of career