സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറി.
കരിയറിന്റെ തുടക്കത്തില്‍ സുരേഷ് കൃഷ്ണ തമിഴില്‍ ചെയ്ത കഥാപാത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. 2000ല്‍ പുറത്തിറങ്ങിയ പൊട്ടു അമ്മന്‍ എന്ന ചിത്രത്തില്‍ താരം വില്ലന്‍ വേഷം ചെയ്തിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിലെ പ്രാത്മിപദി എന്ന കഥാപാത്രം തമിഴിലെ ട്രോള്‍ പോജുകളില്‍ വൈറലാണ്.
എന്നാല്‍ ഒരു മലയാളിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അവിടെയുള്ളവര്‍ ഈയടുത്താണ് അറിഞ്ഞതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. സീരിയലില്‍ അത്യാവശ്യം പച്ച പിടിച്ചു വരുന്ന സമയത്താണ് തനിക്ക് ആ സിനിമയിലേക്കുള്ള ഓഫര്‍ വന്നതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.
തമിഴിലെ വലിയ താരങ്ങളായ ശരത്കുമാര്‍, വിജയകാന്ത് എന്നിവര്‍ക്ക് സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ സെല്‍വമണി എന്ന സംവിധായകനാണ് പൊട്ടു അമ്മന്‍ ചെയ്തതെന്നും താരം പറഞ്ഞു. ആ സിനിമ ചെയ്യുന്ന സമയത്ത് തന്നെക്കണ്ട് അടുത്ത ശരത് കുമാര്‍ താനാകും എന്ന് പ്രൊഡക്ഷനിലെ ആളുകള്‍ പറഞ്ഞെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സീരിയലൊക്കെ ചെയ്ത് ചെറുതായി പച്ചപിടിച്ച് വരുന്ന സമയത്തായിരുന്നു പൊട്ടു അമ്മനിലേക്ക് എന്നെ വിളിച്ചത്. ആര്‍. സെല്‍വമണി എന്നയാളായിരുന്നു ആ പടത്തിന്റെ ഡയറക്ടര്‍. വിജയകാന്തിനും ശരത് കുമാറിനും കുറെ ഹിറ്റുകള്‍ കൊടുത്ത ഡയറക്ടറായിരുന്നു പുള്ളി. അതുവരെ ആക്ഷന്‍ സിനിമകള്‍ മാത്രം ചെയ്ത സെല്‍വമണി ആദ്യമായി ചെയ്ത ഭക്തി സിനിമയായിരുന്നു അത്.
ആ സിനിമയില്‍ അഭിനയിച്ച സമയത്ത് അതിന്റെ പ്രൊഡക്ഷന്‍ ടീമിലെ ആളുകള്‍ പറഞ്ഞത് ഞാന്‍ അടുത്ത ശരത്കുമാറാകുമെന്നാണ്. പക്ഷേ ആ സിനിമ പ്രതീക്ഷിച്ച വിജയമായില്ല. ഞാന്‍ ആ സമയത്ത് തമിഴ് വിട്ട് മലയാളത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കരുമാടിക്കുട്ടനിലെ റോള്‍ അങ്ങനെ കിട്ടിയതാണ്. പക്ഷേ 24 വര്‍ഷം മുന്നേ ചെയ്ത പൊട്ടു അമ്മനിലെ ക്യാരക്ടര്‍ ഇപ്പോഴാണ് തമിഴിലെ ട്രോള്‍ പേജുകളില്‍ വൈറലായത്. അത് ചെയ്തത് ഞാനാണെന്ന് ഈയടുത്താണ് തമിഴ്‌നാട്ടിലെ ആളുകള്‍ അറിഞ്ഞത്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Suresh Krishna about his first Tamil movie