| Friday, 2nd February 2024, 4:18 pm

ശോഭനയുടെ നൃത്തത്തെക്കാൾ മികച്ചതായി തോന്നിയത് ആ നടിയുടേത്; മണിച്ചിത്രത്താഴിനെ കുറിച്ച് സംവിധായകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ക്ലാസിക്ക് സിനിമകളിൽ ഒന്നായാണ് ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴിനെ കണക്കാക്കുന്നത്.

ബോക്സ്‌ ഓഫീസിൽ വലിയ വിജയമാവുന്നതിനോടൊപ്പം നിരവധി അവാർഡുകളും ചിത്രത്തിന് വാരിക്കൂട്ടാൻ സാധിച്ചു. അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു.
അക്ഷയ് കുമാർ, വിദ്യാബാലൻ തുടങ്ങിയവരൊക്കെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഭൂൽഭുലേയ വലിയ വിജയം ആവുകയും ചെയ്തു.

ചിത്രത്തിലെ വിദ്യാബാലന്റെ നൃത്തത്തെക്കുറിച്ച് പറയുകയാണ് സഹ സംവിധായകനായ സുരേഷ് കൃഷ്ണൻ.

നൃത്തം അറിയാത്ത വിദ്യാബാലന്റെ നൃത്തം തന്നെ ഞെട്ടിച്ചു എന്നാണ് സുരേഷ് പറയുന്നത്. പത്തുദിവസം സമയമെടുത്ത് പഠിച്ചിട്ടാണ് വിദ്യാബാലൻ നൃത്തം ചെയ്തതെന്നും അത് വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സിലുള്ളത് ഗംഭീര ഡാൻസാണ്. അതിന്റെ ഹിന്ദിയായ ഭൂൽഭുലയയ്യിൽ പ്രകാശ് രാജിന്റെ ഭാര്യയായ പോണി വർമ ആയിരുന്നു ഡാൻസ് മാസ്റ്റർ. പോണി വർമയോടും വിനീതിനോടും നേരത്തെ വരാൻ പറഞ്ഞു. അവിടെ ഒരു ഹോട്ടലിൽ ഒരു റൂം ബുക്ക്‌ ചെയ്ത് ഡാൻസിന്റെ ട്രെയിനിങ് ആരംഭിച്ചു.

രാവിലെ ഏഴ് മണി തൊട്ട് ഈ ഡാൻസ് പ്രാക്ടീസ് ചെയ്യും. ആദ്യത്തെ രണ്ട് ദിവസം ഞാൻ വിനീതിനോട് ചോദിച്ചു, എങ്ങനെയുണ്ടെന്ന്. എനിക്കൊരു പ്രതീക്ഷയുമില്ലെന്നായിരുന്നു വിനീത് പറഞ്ഞത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വിനീത് പറഞ്ഞു, ചിലപ്പോൾ റെഡിയാവാമെന്ന്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വിനീത് ഒപ്പിക്കാം എന്ന് പറഞ്ഞു. അപ്പോഴേക്കും ചിത്രത്തിന്റെ ക്ലൈമാക്സായി.

പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ച് കൊണ്ട് വിദ്യാബാലൻ അത് ചെയ്തു എന്നതാണ് വലിയ കാര്യം. പത്ത് ദിവസത്തെ ട്രെയിനിങ് കൊണ്ട് അവർ ഗംഭീരമായി ചെയ്തു. ശോഭന ചെയ്ത അത്ര വരില്ല. കാരണം ശോഭന ഒരു ഡാൻസറാണ്. വിദ്യാ ബാലൻ ഡാൻസർ അല്ലല്ലോ.

പക്ഷെ എനിക്ക് നന്നായിട്ട് തോന്നിയത് വിദ്യാ ബാലന്റെ ഡാൻസാണ്,’സുരേഷ് കൃഷ്ണൻ പറയുന്നു.

Content Highlight: Suresh Krishanan Talk About Hindhi Version Of Manichithrathazu

We use cookies to give you the best possible experience. Learn more