| Saturday, 27th April 2019, 5:26 pm

കള്ളവോട്ട് തര്‍ക്കത്തില്‍ സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍: എന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് സുരേഷ് കീഴാറ്റൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍.

സുരേഷിന്റെ മകന്‍ സഫ്ദര്‍, സഹോദരന്‍ രതീഷ്, വയല്‍ക്കിളി പ്രവര്‍ത്തകരായ മനോഹരന്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

അതേസമയം ജനാധിപത്യത്തിന്റെ പൊള്ളത്തരം ഒരു വീഡിയോയില്‍ പോസ്റ്റിട്ട എന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് എനിക്കറിയാമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ‘ഭയം ഇല്ല, ജനാധിപത്യത്തെ വ്യഭിചരിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാങ്ങനളും ഓര്‍ക്കുക… അന്തിമ വിധി ജനങ്ങളുടെ ആണ്’ സുരേഷ് പറഞ്ഞു.

കീഴാറ്റൂര്‍ എല്‍.പി സ്‌കൂളിലെ 102ാം ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സുരേഷ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്റെ കുറിപ്പ്. അന്ന് രാത്രി വീട് കയറി സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞിരുന്നു.

‘കീഴാറ്റൂറിലെ 102 ാം നമ്പര്‍ ബൂത്തില്‍ ജനാധിപത്യം ഇന്ന് പൂത്തുലഞ്ഞു. ആദ്യം വെള്ളക്കുപ്പായം പിന്നെ കള്ളി ഷര്‍ട്ട്, ഇത് പോലെ അറുപതു കള്ളവോട്ടുകളുടെ ദൃശ്യങ്ങള്‍ ഉണ്ട്……… ജനാധിപത്യം വാഴട്ടെ’ . എന്നായിരുന്നു സുരേഷിന്റെ പോസ്റ്റ്.

We use cookies to give you the best possible experience. Learn more