കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍.തെരഞ്ഞെടുപ്പില്‍ നില്‍ക്കാനുള്ള തീരുമാനം വയല്‍ക്കിളികള്‍ക്കിടയില്‍ ജനാധിപത്യപരമായി ചര്‍ച്ച നടത്തിയെന്നും വയല്‍ക്കിളി പ്രക്ഷോഭം പാര്‍ലമെന്ററി രീതിയില്‍ അവതരിപ്പിക്കേണ്ട ഒന്നല്ലെന്ന് വിലയിരുത്തലുണ്ടായെന്നും സുരേഷ് കീഴാറ്റൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് കീഴാറ്റൂരടക്കം പാരിസ്ഥിതിക വിഷയങ്ങള്‍ ഉന്നയിച്ച് പ്രചാരണം നടത്തും. വയല്‍ക്കിളി അംഗങ്ങള്‍ക്ക് ഏത് പാര്‍ട്ടിയ്ക്കും വോട്ടു ചെയ്യാമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന സുരേഷ് കീഴാറ്റൂരിന് പിന്തുണ നല്‍കാനാവില്ലെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രാദേശിക വിഷയം ഉയര്‍ത്തികാണിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയമാണെന്നിരിക്കെ പരിസ്ഥിതി പ്രശ്‌നം മാത്രം ചര്‍ച്ച ചെയ്യുന്നത് വിജയിക്കില്ലെന്നുമുള്ള വിലയിരുത്തലിലുമാണ് പിന്തുണ പിന്‍വലിച്ചത്.
വയല്‍ക്കിളികളുടെ പിന്തുണ ഇല്ലെങ്കിലും സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.