തളിപ്പറമ്പ്: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്. സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. കമ്യൂണിസ്റ്റ്കാരനായിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് സുരേഷ് കീഴാറ്റൂരിന്റെ പ്രതികരണം.
ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള വയല്‍ക്കിളികള്‍ കഴിഞ്ഞ കുറെക്കാലമായി നടത്തി വരുന്ന സമരം ദേശീയ മാധ്യമങ്ങളുടെ ഉള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെയായിരുന്നു സമരം. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നത് എന്ന് നേരത്തെ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞിരുന്നു. എന്ത് വിലകൊടുത്തും ബൈപ്പാസ് നിര്‍മാണം തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ സി.പി.ഐ.എമ്മിന് മേല്‍ക്കൈയുള്ള കീഴാറ്റൂരില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത മത്സരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ടും നേടി. തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.