കല്‍മാഡിയുടെ നിയമനം ഗുരുതരമായ വിഷയമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.
ന്യൂദല്‍ഹി: അഴിമതി ആരോപണ വിധേയനായ സുരേഷ് കല്‍മാഡി വീണ്ടും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ തലപ്പത്ത്. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ലൈഫ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് കല്‍മാഡിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ ആരോപണവിധേയനായ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ കല്‍മാഡിക്ക് ഐ.ഒ.എ നേതൃത്വത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുരേഷ് കല്‍മാഡി ജയിലിലാവുകയും പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കല്‍മാഡിയെ ചോദ്യംചെയ്തിരുന്നു.
ഗെയിംസുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് അനധികൃതമായി കരാറുകള്‍ നല്‍കിയെന്നും കല്‍മാഡിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കല്‍മാഡിയുടെ നിയമനം ഗുരുതരമായ വിഷയമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.