| Saturday, 28th May 2022, 4:41 pm

എന്റെ സിനിമ ഇത്രയും നാള്‍ പരിഗണിച്ചില്ലല്ലോ, അപ്പോത്തിക്കിരിക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി; അപ്പോത്തിക്കിരിയ്ക്ക് ലഭിച്ച അവാര്‍ഡുകള്‍ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഇന്ദ്രന്‍സ് നായകനായ ‘ഹോം’ സിനിമക്ക് അവാര്‍ഡുകള്‍ ഇല്ലാത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുകയാണ്. രാഷ്ട്രിയരംഗത്തും, സിനിമ രംഗത്തുമുള്ള നിരവധി പേരാണ് ജൂറിയുടെ തിരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപിയും ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.ഹോം സിനിമയെ അവാര്‍ഡിന് പരിഗണിച്ചില്ലല്ലോ എന്ന ചോദ്യത്തിനാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘ എന്റെ സിനിമ ഇത്രയും നാള്‍ പരിഗണിച്ചില്ലലോ കഴിഞ്ഞ ആറ് വര്‍ഷമായി പരിഗണിക്കുന്നില്ലല്ലോ, ഇവിടെ നിന്ന് തെരെഞ്ഞെടുത്ത് നഷണല്‍ അവാര്‍ഡിന് പോലും അയക്കുന്നില്ലല്ലോ. അപ്പോത്തിക്കിരിക്ക് എന്താണ് കുഴപ്പം അതിനെ പറ്റി ഒന്നും നിങ്ങള്‍ ചോദിച്ചില്ലല്ലോ. എന്റെ കാര്യം ചോദിക്ക് വല്ലവരുടെയും കാര്യം ചോദിക്കല്ലേ’ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

2014 ലാണ് സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രന്‍സ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാധവ് രാമദാസന്റെ സംവിധാനത്തില്‍ ‘അപ്പോത്തിക്കിരി’ പുറത്തിങ്ങിയത്. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. കൂടാതെ സിനിമയും അന്നത്തെ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ഏറ്റുവാങ്ങിയതാണ്.

കൂടാതെ ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനവും അന്ന് ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. സുരേഷ് ഗോപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് അപ്പോത്തിക്കിരിക്ക് ലഭിച്ച അവാര്‍ഡുകളെ ചൂണ്ടി കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗതെത്തിയത്.

നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ‘ഹോം’ സിനിമ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു.
‘ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ’ എന്നാണ് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചത്.

Content Highlights : Suresh Gopy About Home Movie controversy  and he asked what was wrong with Apothikiri

We use cookies to give you the best possible experience. Learn more