വട്ടിയൂര്‍ക്കാവ്: വീണ്ടും വിവാദ പ്രസ്താവനയുമായി നടനും എം.പിയുമായ സുരേഷ് ഗോപി. രാജ്യത്തു കൊലപാതകങ്ങള്‍ നടക്കുന്നതു പശുവിന്റെ പേരിലല്ലെന്നും പെണ്ണുകേസിന്റെ പേരിലാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന.
വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്‌കാരിക നായകര്‍ക്കെതിരെയും സുരേഷ് ഗോപി വാചാലനായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്‌നങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്. കൊലകള്‍ എല്ലാം നടക്കുന്നതു പെണ്ണുകേസിന്റെ പേരിലാണ്.’- അദ്ദേഹം പറഞ്ഞു.
ഇത്തവണയെങ്കിലും ബി.ജെ.പിയെ ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സുരേഷ് ഗോപി ഇന്നലെ രംഗത്തെത്തിയിരുന്നു. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹം ജനങ്ങളോട് ഈ അഭ്യര്‍ഥന നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്കാണ്. മുത്തു (രാജഗോപാല്‍) എത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല, എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്.
ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണം.’- അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു അദ്ദേഹം പ്രചാരണത്തിനെത്തിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു സുരേഷ് ഗോപി ജനവിധി തേടിയത്.