മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുരേഷ്ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിന് തൊട്ടുമുന്‍പായി പങ്കുവെച്ചത് നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ്.
ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ദിലീപ് 90 ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിലും അന്വേഷണത്തില്‍ പലതവണയായി തടസം ഉണ്ടാക്കിയതിനും ദിലീപിനെതിരെ കേസുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന ചര്‍ച്ചയായിരുന്നു. നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ 90 ദിവസമൊക്കെ ജയിലില്‍ അടച്ചെന്നും അന്തിച്ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ വര്‍ഷങ്ങളോളം അയാളെ ജീവനോടെ പോസ്റ്റുമോര്‍ട്ടം ചെയ്തെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തേയും ദിലീപ് അനുകൂല പ്രസ്താവന സുരേഷ് ഗോപി നടത്തിയിരുന്നു.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദിലീപിന് ജന്മദിനാശംസ അറിയിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റും തൊട്ടു പിന്നാലെ തന്നെ അപമര്യാദയായി മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റും വൈറലാകുന്നത്.
ശശിതരൂരിന്റെ ഇസ്രഈല്‍ അനുകൂല പ്രസ്താവനയില്‍ പ്രതികരണം തേടുന്നതിനിടെയാണ് മീഡിയവണിലെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ സുരേഷ് ഗോപി മാപ്പുമായി രംഗത്ത് വന്നെങ്കിലും, മാപ്പ് സ്വീകാര്യമായി തോന്നുന്നില്ലെന്നും വിശദീകരണം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്കിട്ടിയുണ്ട്.
Content Highlight: Suresh Gopi wishes Dileep on his birthday, then apologizes to the journalist