കോഴിക്കോട്: ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. ബി.ജെ.പിക്ക് ഭരിക്കാന്‍ ആയിരം പഞ്ചായത്തുകള്‍ തരണമെന്ന സുരേഷ് ഗോപിയുടെ വാചകത്തെയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് കോഴിക്കോട് നടത്തിയ പ്രചരണ പരിപാടിയിലായിരുന്നു സുരേഷ് ഗോപി ആയിരം പഞ്ചായത്തുകള്‍ ഭരിക്കാന്‍ തരണമെന്ന് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ 941 പഞ്ചായത്തുകളേ ആകെ നിലവിലുള്ളു അതില്‍ കൂടുതല്‍ തരാനാവില്ല തുടങ്ങി നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന പ്രചാരണ വാചകത്തെ പിന്തുടര്‍ന്ന് നിരവധി ട്രോളുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ വാചകങ്ങളും ട്രോളുകള്‍ക്ക് വിധേയമാകുന്നത്.
‘വൃത്തികെട്ട ജന്മങ്ങള്‍ വൃത്തിക്കെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരില്‍ നടത്തുന്ന ജല്‍പനങ്ങളാണ് ഇതെല്ലാം. ഭരിച്ച് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് ആയിരം പഞ്ചായത്തുകള്‍ തരൂ,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
കെട്ടിയിറക്കിയ വെറും നടനായ എം.പി എന്തെല്ലാം കാര്യം ചെയ്തുവെന്ന് കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
എന്നാല്‍ സുരേഷ് ഗോപി പറയാനുദ്ദേശിച്ചത് പഞ്ചായത്തുകളുടെ കാര്യം മാത്രമല്ല, ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഒക്കെ ചേര്‍ത്താണ് പറഞ്ഞതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ വിശദീകരണം.
തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ സംഘിയെന്നോ വിളിച്ചോളൂ, തനിക്ക് യാതൊരു സംങ്കടവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടയാളിയും ബി.ജെ.പി പ്രവര്‍ത്തകനുമാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
75 ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ 74 ഇടത്തും ബി.ജെ.പി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത്. ഒരു 55 പേരെ തന്നാല്‍, അല്ലെങ്കില്‍ 45
പേരെ തന്നാല്‍ എന്താണ് ഭരണമെന്ന് കാണിച്ച് തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക