| Sunday, 26th March 2023, 12:08 pm

ആ സിനിമയിലേക്ക് ആദ്യം വിളിച്ചത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും, മാറ്റം കൊണ്ടുവരാന്‍ വേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വര്‍മ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ സുരേഷ് ഗോപി സിനിമയിലില്ലായിരുന്നുവെന്ന് അടുത്തിടെ സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ആ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ സുരേഷ് ഗോപി.

ആദ്യം മമ്മൂട്ടിയേയും പിന്നീട് മോഹന്‍ലാലിനെയുമാണ് ആ കഥാപാത്രം ചെയ്യാന്‍ പരിഗണിച്ചതെന്നും പിന്നീട് ഒരു വ്യത്യസ്തത അനുഭവപ്പെടാന്‍ വേണ്ടിയാണ് സംവിധായകന്‍ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നെ ആ കഥാപാത്രമായി ആലോചിച്ചപ്പോള്‍ തന്നെ അവരൊക്കെ പൊട്ടിച്ചിരിച്ച് പോയെന്നും സുരേഷ് ഗോപി പറഞ്ഞു.

‘തെങ്കാശിപ്പട്ടണത്തെ കുറിച്ച് അടുത്തിടെ മെക്കാര്‍ട്ടിന്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം പറഞ്ഞത് സത്യത്തില്‍ കഥ എഴുതുമ്പോള്‍ തന്റെ മനസില്‍ സുരേഷ് ഗോപി ഉണ്ടായിരുന്നില്ലെന്നാണ്. മമ്മൂക്കയെ വെച്ച് ആലോചിച്ചു നോക്കി. അപ്പോള്‍ നന്നായിരിക്കുമെന്ന് തോന്നി. പിന്നെ ലാലേട്ടനെ വെച്ച് ആലോചിച്ചു. അപ്പോഴും നന്നായിരിക്കുമെന്ന് തോന്നി.

പക്ഷേ അവര്‍ രണ്ട് പേരും ഇത്തരം കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടുള്ളതാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയുക എന്നാലോചിച്ചപ്പോള്‍ എന്റെ മുഖം അവരുടെ മനസില്‍ വന്നത്രേ. എന്നെ വെച്ച് ആ കഥാപാത്രത്തെ ആലോചിച്ചപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചുപോയി എന്നാണ് പറഞ്ഞത്.

അങ്ങനെ ചിരിച്ചതിന് ഒരു കാരണമുണ്ടായിരുന്നു. ടിപ്പ് ടോപ്പായിട്ട് പൊലീസ് യൂണിഫോമിട്ട് അത് ചുളുങ്ങാതെ ഭയങ്കര സ്ട്രെയിറ്റ് ആക്കി ഇന്‍സൈഡൊക്കെ ചെയ്ത് ഡീസന്റായി നടക്കുന്ന ആളെ പെട്ടെന്ന് മുണ്ടുമടക്കിക്കുത്തുമ്പോള്‍ അടിവസ്ത്രം വെളിയില്‍ ചാടിനില്‍ക്കുന്ന രൂപത്തിലുള്ള ഈ കണ്ണപ്പന്‍ മുതലാളിയായി ആലോചിച്ചപ്പോള്‍ പൊട്ടിപ്പൊട്ടി ചിരിച്ചുപോയത്രേ.

തെങ്കാശിപ്പട്ടത്തിലേതുപോലൊരു കഥാപാത്രമല്ല മേ ഹൂം മൂസയിലേതെന്നും എങ്കിലും പാക്കിസ്ഥാനി ജയിലില്‍ 18 വര്‍ഷം കഴിഞ്ഞതിന്റെ ഒരു അലമ്പത്തരം മൂസയുടെ കഥാപാത്രത്തില്‍ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പൊന്നാനിക്കാരന്‍ എന്ന് പറയുന്ന ആത്മാഭിമാനിയായ ഒരു മൂസയും ഉണ്ടെന്നും ചിലരുടെ സഹവാസം കൊണ്ട് ഒരു സ്വഭാവമാകുകയും പിന്നെ പാരമ്പര്യവും സംസ്‌ക്കാരവും കൊണ്ട് ഈ അലമ്പരത്തരത്തെ ശുദ്ധീകരിച്ചെടുക്കുന്ന ഒരു പ്രോസസും അതിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മുണ്ടുമടക്കിക്കുത്തുന്നതുപോലുള്ള രംഗങ്ങള്‍ ഇല്ലെങ്കിലും അതിന് സമാനമായ ചില കാര്യങ്ങള്‍ ഇതിലുണ്ട്. സ്ലാപ്സ്റ്റിക് കോമഡി ഈ ചിത്രത്തില്‍ ഇല്ല. സിറ്റുവേഷണല്‍ സീരിയസ് റെന്ററിങ് ആണ്. അത് ചിരിയുളവാക്കും, സുരേഷ് ഗോപി പറഞ്ഞു.

content highlight: suresh gopi talks about thenkashipattanam movie

We use cookies to give you the best possible experience. Learn more