മറ്റ് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ ചിത്രങ്ങള്‍ ഇറങ്ങുമ്പോഴും പരിമിതമായ മാര്‍ക്കറ്റിന്റെ പ്രശ്‌നം എന്നും മലയാള സിനിമ അനുഭവിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി. 1980കളില്‍ തന്നെ കമല്‍ ഹാസന്റെയും ചിരഞ്ജീവിയുടെയും ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയിട്ടുണ്ടെന്നും അന്നും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആ നിലവാരത്തില്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗരുഡന്‍ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളത്തിന് പരിമിതമായ പണമേ ചിലവാക്കാനുള്ളൂ. നമുക്കിത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ആദ്യത്തെ വിക്രം 1984ല്‍ ഇറങ്ങിയ ചിത്രമാണ്. ലിസിയും അംബികയും ഒക്കെ അഭിനയിച്ചിട്ടുണ്ട്. അത് അക്കാലത്ത് പാന്‍ ഇന്ത്യന്‍ സിനിമ ആയിട്ടാണ് വന്നത്. അന്ന് മമ്മൂക്കയും ലാലും ചെയ്യുന്ന ചിത്രങ്ങളൊന്നും തന്നെ ആ ലെവലിലേക്ക് വന്നിട്ടില്ല.
ചിരഞ്ജീവിയുടെ എ ഹീറോ, ഇതാണ്ടാ പൊലീസ് എന്നീ സിനിമകള്‍ പാന്‍ ഇന്ത്യന്‍ ആയാണ് വന്നത്. അതൊക്കെ ഡബ്ബ് ചെയ്ത് പോയ സിനിമയാണ്. ആ സമയത്തും ഇവിടുത്തെ മുന്‍നിര താരങ്ങളുടെ സിനിമകള്‍ ആ നിലവാരത്തിലേക്ക് നിര്‍മിക്കപ്പെട്ടിട്ടില്ല. മലയാളത്തിന്റേത് ഒരു ലിമിറ്റഡ് മാര്‍ക്കറ്റാണ്. ആ ലിമിറ്റഡ് മാര്‍ക്കറ്റിന് കുറച്ച് കൂടി പോസിബിലിറ്റി ഉണ്ട്. അത് ഉപയോഗിക്കാന്‍ കഴിവുള്ള പ്രൊഡ്യൂസേഴ്‌സ് ശ്രമിക്കുന്നുണ്ട്.
ഒരു കാലത്തും താരതമ്യം നടത്തേണ്ട ആവശ്യമില്ല. കെ.ജി.എഫ് അല്ല, മലയാളത്തില്‍ പല ഉന്നതന്മാരായ, വളര്‍ന്ന് വരുന്ന നടീനടന്മാരും നിര്‍മാതാക്കളും അടക്കമുള്ളവര്‍ ചേര്‍ന്ന് കെജി.എഫിന്റെ അപ്പനായുള്ള സിനിമയുമായി വരും,’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം നവംബര്‍ മാസത്തിലായിരിക്കും ഗരുഡന്‍ റിലീസ് ചെയ്യുക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മിഥുന്‍ മാനുവല്‍ തോമസാണ്.
Content Highlight: suresh gopi talks about the pan indian possibilities of malayalam cinema