| Wednesday, 28th September 2022, 9:29 am

സംവിധായകനെ 'ഭീഷണിപ്പെടുത്തി'യാണ് ഈ താരത്തെ മേം ഹൂം മൂസയിലെത്തിച്ചത്; എന്റെ നിഗമനം തെറ്റിയില്ലെന്ന് അദ്ദേഹം തെളിയിച്ചു: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളിലെത്തുന്നത്.

സുരേഷ് ഗോപിയുടെ രാഷ്ട്രീയ പശ്ചാത്തലം കാരണം റിലീസിന് മുമ്പേ തന്നെ മേ ഹൂം മൂസ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു.

നടന്‍ സൈജു കുറുപ്പിനെ മേം ഹൂം മൂസയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചും ചിത്രത്തിലെ മറ്റ് താരങ്ങളുടെ പ്രകടനത്തെ കുറിച്ചും പ്രൊമോഷന്‍ പരിപാടിയില്‍ സുരേഷ് ഗോപി സംസാരിച്ചിരുന്നു.

സംവിധായകനെ ‘ഭീഷണിപ്പെടുത്തി’യാണ് താന്‍ സൈജുവിനെ ഈ സിനിമയിലെത്തിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്.

”ഞാന്‍ ഇതിന് മുമ്പ് എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനൊരു വേഷത്തിലും ഭാവത്തിലും രൂപത്തിലും നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല.

ഇത്രയും സോളും ഇന്റഗ്രിറ്റിയുമുള്ള, ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന ഒരു മുസല്‍മാനായി ഞാന്‍ സിനിമയില്‍ നിങ്ങളുടെ മുന്നില്‍ എത്തുകയാണ്, മേം ഹൂം മൂസയിലൂടെ.

മലപ്പുറം ഭാഷയില്‍ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എഴുത്തുകാരനായ രൂപേഷ് എന്നെ സഹായിക്കാന്‍ വേണ്ടി സെറ്റിലുണ്ടായിരുന്നു. എനിക്ക് തോന്നുന്നു ഈ സിനിമയില്‍ ഏറ്റവും മനോഹരമായി മലപ്പുറം ഭാഷ സംസാരിച്ചിരിക്കുന്നത് വീണ തന്നെയാണ്. ഷൂട്ടിന്റെ സമയത്ത് അശ്വിനി സംസാരിച്ചത് മണിപ്രവാളമോ മറ്റോ ആണ് (ചിരി).

പൂനം ബജ്‌വയുടെ കാര്യം പറയുകയാണെങ്കില്‍, അവസരം കിട്ടിയാല്‍ അഭിനയമികവ് പ്രകടിപ്പിക്കാന്‍ പ്രാപ്തിയുള്ള ഒരു നടിയാണ് താനെന്ന് തെളിയിക്കാന്‍ അവര്‍ ഇത്രയും കാലം ചെയ്ത സിനിമകളല്ല, ഈ മൂസയാണ് അവരെ പ്രൊജക്ട് ചെയ്യാന്‍ പോകുന്നത് എന്ന വിശ്വാസം എനിക്കുണ്ട്.

ഈ സിനിമയില്‍ സൈജു കുറുപ്പിനെ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങള്‍ക്കെല്ലാം ഇഷ്ടമുള്ള ഒരുപിടി താരങ്ങളെ ശ്രമിച്ചതിന് ശേഷമാണ് സൈജുവിനെ കൊണ്ടുവന്നത്. പക്ഷെ ആദ്യം കഥ കേട്ടപ്പോള്‍ മുതല്‍ ഈ താരങ്ങളുടെയെല്ലാം പേര് പറഞ്ഞെങ്കിലും എന്റെ പിടിവാശിയായിരുന്നു, നിര്‍ബന്ധമായിരുന്നു സൈജു വേണമെന്ന്.

ഞാന് അതിന് ‘ഭീഷണിപ്പെടുത്തി’ സംവിധായകനെക്കൊണ്ട് സൈജു കുറുപ്പിനെ ഈ സിനിമയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍, എന്റെ നിഗമനം ഒരിക്കലും തെറ്റിയിട്ടില്ല എന്ന് സൈജു തെളിയിച്ചിട്ടുണ്ട്. അത്രയും മികവുറ്റ പ്രകടനമാണ്.

സൈജു ഇതിന് മുമ്പ് എന്റെ കൂടെ അഭിനയിച്ചത് അശ്വാരൂഢന്‍ എന്ന സിനിമയിലാണ്. അത് 2006ലാണ്. അത് കഴിഞ്ഞ് 2022ല്‍ മേം ഹൂം മൂസ വരുന്നു. അതില്‍ സൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രസക്തി ഈ ദേശീയതയുടെയൊക്കെ കാര്യത്തില്‍ പ്രധാനമാണ്,” സുരേഷ് ഗോപി പറഞ്ഞു.

മേം ഹൂം മൂസയില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്‌വ, സുധീര്‍ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Suresh Gopi talks about the character of Saiju Kurup in the movie Mei Hoom Moosa

We use cookies to give you the best possible experience. Learn more