കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി ഒരു ഷോയില്‍ പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെ സുരേഷ് ഗോപിയെ അനുകരിച്ച് ജയറാമും എത്തിയിരുന്നു. ഇപ്പോള്‍ അതിനെ പറ്റി സംസാരിക്കുകയാണ് സുരേഷ് ഗോപി.
ജയറാം ചെയ്തതിനേക്കാള്‍ വൈറലാണ് താന്‍ പാടിയ വീഡിയോയെന്നാണ് സുരേഷ് ഗോപി പറയുന്നത്. ജയറാം തനിക്ക് ചെയ്ത വീഡിയോ അയച്ചു തന്നിരുന്നില്ലെന്നും ഇങ്ങനെയൊന്ന് ചെയ്‌തോട്ടെയെന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ ‘ഗരുഡന്‍’ എന്ന പുതിയ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സുരേഷ് ഗോപി സംസാരിച്ചത്.
‘അവന്‍ ചെയ്തതിനേക്കാള്‍ വൈറലാണ് ഞാന്‍ പാടിയ വീഡിയോ. അതിന്റെ ഹിറ്റ്‌സ് എത്രയാണെന്ന് നിങ്ങള്‍ യൂടൂബില്‍ നോക്കിയാല്‍ മതി. എനിക്ക് അവന്‍ ചെയ്ത വീഡിയോ അയച്ചു തന്നില്ല. ഇങ്ങനെയൊന്ന് ചെയ്‌തോട്ടെയെന്ന് ചോദിച്ചു.
ഞാന്‍ സിനിമയില്‍ നിന്ന് ഒരുപാട് ഇടവേളകളെടുത്തിട്ടുണ്ട്. അതിന്റെ ഒരു വിടവ് ഇല്ലാതാക്കിയത് മിമിക്രി താരങ്ങളാണ്. എന്റെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ച് എന്നെ ലൈവാക്കി നിര്‍ത്തിയത് അവരാണ്. ഞാന്‍ ഇടവേളയിലല്ലെന്ന് തോന്നിപ്പിച്ചത് മിമിക്രിക്കാരാണ്. അതുതന്നെയാണ് ജയറാമടക്കമുള്ളവര്‍ ചെയ്യുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.
അല്ലു അര്‍ജുന്റെ ‘അങ്ങ് വൈകുണ്ഡപുരത്ത്’ എന്ന തെലുങ്ക് ചിത്രത്തിലെ ഹിറ്റ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചിരുന്നത്. ‘സാമജവരഗമനാ’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്.
സ്റ്റേജില്‍ ഇത് പാടുന്ന സുരേഷ് ഗോപിയെയായിരുന്നു ജയറാം അനുകരിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജയറാം വീഡിയോ പങ്കുവെച്ചിരുന്നത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അന്ന് പോസ്റ്റ് ചെയ്തത്.
Content Highlight: Suresh Gopi Talks About Jayaram’s Troll