Malayalam Cinema
'തെങ്കാശിപ്പട്ടണം ആദ്യം ഇതായിരുന്നില്ല, ഈ ഭ്രാന്തന്മാര്‍ എന്തിനാണ് ഇതിങ്ങനെ മാറ്റി മാറ്റി കളിച്ചതെന്ന് എനിക്ക് തോന്നും'
മലയാളികളെ ഏറെ ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് റാഫി-മെക്കാര്‍ട്ടിന്‍ ഒരുക്കിയ തെങ്കാശി പട്ടണം. എന്നും ആക്ഷന്‍ വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന സുരേഷ് ഗോപി പതിവില്‍ നിന്ന് വ്യത്യസ്തമായി കോമഡിയും കൈകാര്യം ചെയ്ത ചിത്രമായിരുന്നു തെങ്കാശി പട്ടണം. വര്‍ഷങ്ങള്‍ക്കിപ്പുറം തെങ്കാശിപ്പട്ടണത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി.
‘ഞാന്‍ ആദ്യമായി കേട്ട തെങ്കാശിപ്പട്ടണത്തിന്റെ ഡ്രാഫ്റ്റ് അല്ല നിങ്ങള്‍ സിനിമയായി കാണുന്നത്. എട്ടാമത്തെ ഡ്രാഫ്റ്റാണ് സിനിമയായത്,’ സുരേഷ് ഗോപി പറയുന്നു. താരത്തിന്റേതായി ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ‘ഗരുഡന്‍’ എന്ന സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘ഒരു കഥ കേള്‍ക്കുമ്പോള്‍ നമുക്ക് അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പറ്റും. കഥയില്‍ സംഭവിക്കുന്ന ചില ട്വിസ്റ്റുകളെയും സന്ദര്‍ഭങ്ങളെയുമെല്ലാം നമുക്ക് ഒന്നുകൂടി ശക്തിപ്പെടുത്താന്‍ കഴിയും. അത് നല്ലത് പോലെ വര്‍ക്കായി കഴിഞ്ഞാല്‍ വലിയ രീതിയില്‍ സിനിമ ഹിറ്റാവാന്‍ അത് സഹായിക്കും. കഥ അതുപോലെ തന്നെ എടുത്ത് വെക്കുന്ന സിനിമകള്‍ ഒരു ഭാഷയിലും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയിലേക്ക് വരുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കും. ഒരുപാട് ആളുകളുടെ ഐഡിയകള്‍ ഒരുമിച്ചു വരുമ്പോഴാണ് ഒരു ചലച്ചിത്രം പൂര്‍ണമാവുന്നത്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാന്‍ അഭിനയിച്ച തെങ്കാശി പട്ടണമെന്ന സിനിമ. ഞാന്‍ ആദ്യമായി കേട്ട തെങ്കാശിപ്പട്ടണത്തിന്റെ ഡ്രാഫ്റ്റ് അല്ല നിങ്ങള്‍ സിനിമയായി കാണുന്നത്. എട്ടാമത്തെ ഡ്രാഫ്റ്റാണ് സിനിമയ്ക്കായി ഷൂട്ട് ചെയ്ത് വെച്ചിട്ടുള്ളത്.
ആ എട്ട് ഡ്രാഫ്റ്റുകളും എനിക്ക് ഓക്കെയായിരുന്നു. ഈ ഭ്രാന്തന്മാര്‍ എന്തിനാണ് ഇത് പിന്നെയും പിന്നെയും മാറ്റി എന്റെ അടുത്തേക്ക് കൊണ്ടുവരുന്നതെന്ന് ഞാന്‍ ആലോചിക്കുമായിരുന്നു. പക്ഷെ പിന്നീട് എനിക്ക് മനസിലായി അത് കൂടുതല്‍ ബെറ്റര്‍ ആക്കാന്‍ വേണ്ടിയാണ് സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്ന്.
അതിന് അവരുടെ കൂടെ അന്നുണ്ടായിരുന്നതോ, സിദ്ധിഖ് ലാലും അശോകനുമൊക്കെ ആയിരുന്നു. ഹരിശ്രീയിലെയും കലാഭവനിലെയുമെല്ലാം ഒത്തിരി പേരൊരുമിച്ചുള്ള കൂട്ടായ ശ്രമത്തിലാണ് തെങ്കാശിപട്ടണം സംഭവിക്കുന്നത്.
അവരുടെ ചര്‍ച്ചകളുടെ തുടക്കത്തില്‍ നിന്ന് കഥ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ് ചെയ്തത്. ഇതൊരു സാധാരണ സിനിമയാണ് എന്ന ചിന്തയില്‍ നിന്ന് ഇതൊരു ഗംഭീര ചിത്രമാണെന്ന് തോന്നിപ്പിക്കാന്‍ അത് വലിയ രീതിയില്‍ സഹായിക്കും. കാരണം സിനിമ എന്ന് പറയുന്നത്, കല്പനയ്ക്ക് നിറവും ചിറകുമൊക്കെ വെച്ച് കൊടുക്കുന്നതാണ്,’സുരേഷ് ഗോപി പറയുന്നു.
Content Highlight: Suresh Gopi Talk About Thenkashipattanam Movie